താലിബാൻ ഭീകരർ | ഫോട്ടോ: AFP
താലിബാന്‍ അഫ്ഗാനില്‍ ഉടനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇരുപത് വര്‍ഷം തികയുന്ന സെപ്തംബര്‍ 11ന് (9/11) താലിബാന്‍ തങ്ങളുടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് മൂന്നാം ആഴ്ചയാണ് അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതിന് മുന്‍പ് തന്നെ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ താലിബാന് കഴിഞ്ഞിരുന്നു. അമേരിക്കയ്‌ക്കോ മറ്റു നാറ്റോ രാഷ്ട്രങ്ങള്‍ക്കോ ഇന്ത്യ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങള്‍ക്കോ താലിബാനെ തടയാന്‍ വേണ്ട തന്ത്രം മെനയാനുള്ള സമയം പോലും കൊടുക്കാതെയായിരുന്നു താലിബാന്റെ അഫ്ഗാന്‍ പിടിച്ചെടുക്കല്‍. പാകിസ്താന്റെ നിക്ഷിപ്ത താല്‍പര്യങ്ങളും ഇതില്‍ ഉണ്ടായിരുന്നുവെന്നുള്ളത് മറ്റൊരു വസ്തുതയാണ്. കശ്മീരില്‍ പയറ്റിത്തെളിഞ്ഞ, അയല്‍ക്കാരെ ദുര്‍ബലരാക്കാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്ന പാകിസ്താന്റെ പഴയ തന്ത്രം തന്നെയാണ് അവര്‍ അഫ്ഗാനിലും പ്രയോഗിച്ചത്. പഞ്ച്ശീര്‍ പിടിച്ചെടുക്കാന്‍ താലിബാന് പാകിസ്താന്‍ സൈന്യത്തിന്റെ സഹായം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നതാണ്.

താലിബാന് അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സാമ്പത്തികമായും സുരക്ഷാപരമായും ഏറ്റവുമധികം ആശങ്കകള്‍ ഉയര്‍ത്തുന്നത് ഇന്ത്യയ്ക്കാണ്. ഏകദേശം 3 ബില്ല്യണ്‍ ഡോളറാണ് അഫ്ഗാനിസ്താനിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഇന്ത്യ ചിലവഴിച്ചത്. ഇതുകൂടാതെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലെത്തുന്നത് കശ്മീരിനും വലിയൊരു ഭീഷണിയാണ്.
അഫ്ഗാനിസ്ഥാനിലെ ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് അവിടെ കൂടുതല്‍ പിന്തുണ ലഭിച്ചേക്കാമെന്നുള്ളതാണ് ഇന്ത്യയിലെ നയരൂപകര്‍ത്താക്കള്‍ക്കും സുരക്ഷാവിദഗ്ധര്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ജമ്മു കശ്മീര്‍ ഒരു ഉഭയകക്ഷി, ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് താലിബാന്‍ എടുത്തിരിക്കുന്നതെങ്കിലും പാകിസ്താന്‍ ഈ സംഭവവികാസങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ ഭീകരത പടര്‍ത്താന്‍ ഉപയോഗിച്ചേക്കാമെന്നുള്ള കാര്യത്തില്‍ സംശയമില്ല. കാണ്ഡഹാര്‍ ഉള്‍പ്പടെയുള്ള വ്യോമത്താവളങ്ങളില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും പാക് ചാര സംഘടനയായ ഐഎസ്‌ഐ തലവന്‍ കാബൂളില്‍ ഉണ്ടായിരുന്നതുമെല്ലാം ഇന്ത്യയ്ക്ക് ശുഭസുചനയല്ല. കൂടാതെ അതിര്‍ത്തിയോട് ചേര്‍ന്ന് പല വ്യോമത്താവളങ്ങളിലും പാക് സൈന്യം വീണ്ടും സജീവമാകുകയാണ്.
1989ല്‍ സംഭവിച്ച പോലെ, അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളെ കശ്മീരിലേക്ക് അയയ്ക്കാന്‍ പാകിസ്താന്‍ ശ്രമിക്കാനുള്ള സാധ്യതയുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളില്‍ നിന്നുള്ള ആയിരക്കണക്കിന് പാകിസ്താന്‍ ഭീകരര്‍ നിലവില്‍ താലിബാനുമായി ചേര്‍ന്ന് പോരാടിയിരുന്നു. പഞ്ച്ശീറില്‍ പ്രതിരോധസേന ബന്ദികളാക്കിയവരില്‍ പലരും അവര്‍ പാകിസ്താനില്‍ നിന്ന് വന്നവരാണെന്ന് തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാക് ഭീകരരെ പാകിസ്താന്‍ താലിബാനിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു എന്നുള്ളത് അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങള്‍. നിര്‍ദേശം ലഭിച്ചാല്‍ ഇവര്‍ ചിലപ്പോള്‍ കശ്മീര്‍ താഴ്വരയിലേക്കും നുഴഞ്ഞുകയറിയെന്നുവരാം.

കശ്മീരിലും ഇന്ത്യയിലും മറ്റേത് രാജ്യങ്ങളിലായാലും അവിടെയുള്ള മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് താലിബാന്‍ പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങള്‍ക്കെതിരെ 'ആയുധങ്ങള്‍ ഉയര്‍ത്തുക' എന്നത് ഗ്രൂപ്പിന്റെ നയമല്ലെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞിരുന്നെങ്കിലും ഇത്തരമൊരു പ്രസ്താവന ഇന്ത്യയെ ബാധിക്കും.
അടുത്തതായി തങ്ങളുടെ ശ്രദ്ധ കാശ്മീരിലേക്ക് തിരിക്കാമെന്ന് പറഞ്ഞുകൊണ്ട് അല്‍ ഖായ്ദ നടത്തിയ പ്രസ്താവനയും ഇന്ത്യ ഗൗരവപൂര്‍വ്വമാണ് കാണുന്നത്. 'ഇസ്ലാമിന്റെ ശത്രുക്ക'ളില്‍ നിന്ന് കശ്മീരിനെ മോചിപ്പിക്കണമെന്നും തങ്ങളുടെ അനുയായികളോട് അല്‍ ഖായ്ദ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ വിജയം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് അല്‍-ക്വെയ്ദ ഈ പ്രസ്താവന നടത്തിയതെന്നുള്ളതും ശ്രദ്ധേയമാണ്.
എന്നാല്‍ 1989ലെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ നിരീക്ഷണത്തിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. നൂറിലേറെ നുഴഞ്ഞുകയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന 2019ല്‍ നിന്നും 2020ലേക്ക് വരുമ്പോള്‍ മുന്‍ വര്‍ഷത്തെക്കാള്‍ 70 ശതമാനത്തോളം നുഴഞ്ഞുകയറ്റങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സുരക്ഷാസേനയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്.

പാക്കിസ്ഥാനില്‍ നിന്നുള്ള പ്രമുഖരുടെ വാക്കുകള്‍ ഏറെക്കുറേ ശാന്തമായി വരുന്ന കശ്മീര്‍ താഴ്വരയെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ്. തങ്ങള്‍ പാകിസ്ഥാനോടൊപ്പമുണ്ടെന്നും കശ്മീരില്‍ പാകിസ്താനെ സഹായിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് നീലം ഇര്‍ഷാദ് ഷെയ്ഖ് കഴിഞ്ഞ മാസം താലിബാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
അഫ്ഗാന്‍ താലിബാന്‍ ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരവാദം കശ്മീരിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്ക റഷ്യയ്ക്കും ഇന്ത്യയ്ക്കും ഉണ്ടെന്ന് റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് പ്രസ്താവിച്ചിരുന്നു. തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ന്യുഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബേണ്‍സുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോളഭീകര പട്ടികയിലുള്‍പ്പെട്ട മുല്ല ഹസന്‍ അകുന്ദിനെ താലിബാന്‍ അഫ്ഗാന്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനിരിക്കെയാണ് ഡോവല്‍-ബേണ്‍സ് കൂടിക്കാഴ്ച നടന്നതെന്നുള്ളത് ശ്രദ്ധേയമാണ്. റഷ്യന്‍ സുരക്ഷാകൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവുമായും അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യം താലിബാന് അനുകൂലമായി നിലപാടെടുത്തിരുന്ന റഷ്യക്ക് ഇപ്പോള്‍ മനംമാറ്റം ഉണ്ടായതായി സൂചിപ്പിക്കുന്നതാണ് ഇന്ത്യയുമായി നടത്തുന്ന ഈ ചര്‍ച്ചകളെന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. താലിബാന്‍ നേതൃത്വത്തിലെ സര്‍ക്കാരിനെ ഇന്ത്യ അംഗീകരിക്കുമൊ എന്നുള്ളതും താലിബാനും ഐഎസ്ഐയും മറ്റ് ഭീകരസംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതുമടക്കം എന്തൊക്കെ നടപടികളാണ് ഇന്ത്യ കൈക്കൊള്ളാന്‍ പോകുന്നതെന്ന് സമീപഭാവിയില്‍ തന്നെ നമുക്ക് അറിയാന്‍ സാധിക്കും എന്ന് തന്നെ കരുതാം.
Content highlights: Taliban government in afghanistan and its challenges poses to india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..