കാബൂള്‍ : അഫ്ഗാനിസ്താനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സൈന്യത്തിനെതിരേ അക്രമണം ശക്തമാക്കി താലിബാന്‍ ഭീകരര്‍. അഫ്ഗാന്‍ സൈന്യത്തിന്റെ Mi-24 ഹെലികോപ്റ്ററിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും താലിബാന്‍ ഭീകരര്‍ അവകാശപ്പെട്ടു. അഫ്ഗാന്‍ വ്യോമ സേനയ്ക്കായി നേരത്തെ ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററായിരുന്നു ഇത്. 

പിടിച്ചെടുത്ത ഹെലികോപ്റ്ററിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും വീഡിയോയും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പറക്കാന്‍ ആവശ്യമായ റോട്ടര്‍ ബ്ലേഡുകള്‍ എടുത്തുമാറ്റിയ നിലയിലാണ് ഹെലികോപ്റ്റര്‍. താലിബാന്‍ ഹെലികോപ്റ്റര്‍ കൈവശപ്പെടുത്തിയാലും ഇവ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാന്‍ സൈന്യം ഇവ മുന്‍കൂട്ടി എടുത്ത് ഒഴിവാക്കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019ലാണ് Mi-24 ഹെലികോപ്റ്റര്‍ ഇന്ത്യ അഫ്ഗാന്‍ വ്യോമ സേനയ്ക്ക് സമ്മാനിച്ചത്. മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററും ഇതിനൊപ്പം അഫ്ഗാന് കൈമാറിയിരുന്നു.

അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ സുപ്രധാന മേഖലകള്‍ ഒന്നൊന്നായി താലിബാന്‍ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തിലേറെ പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. നിലവില്‍ അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിനെ 30 ദിവസത്തിനുള്ളില്‍ താലിബാന്‍ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളില്‍ പിടിച്ചെടുക്കുമെന്നുമുള്ള യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 

content highlights: Taliban gain control of Mi-24 attack helicopter India had gifted Afghan forces