കാണ്ഡഹാര്‍: അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യു.എസ്. ഹെലിക്കോപ്റ്ററുമായി കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പട്രോളിങ് നടത്തുന്ന കോപ്റ്ററില്‍ നിന്ന് കയറില്‍ ഒരു ശരീരം തൂങ്ങിയാടുന്ന വീഡിയോയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരടക്കമുളളവര്‍ പങ്കുവെച്ചത്. കോപ്റ്ററില്‍ നിന്ന് തൂങ്ങിയാടുന്ന ശരീരമാണ് ലോകത്തെ ഭയപ്പെടുത്തിയിരിക്കുന്നത്. 

വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ മനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ, സുരക്ഷയെ കരുതി ആരെയെങ്കിലും താഴേക്കിറക്കാനുളള ശ്രമമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ താലിബാന്റെ ക്രൂരതകളിലൊന്നായാണ് ലോകം ഈ വീഡിയോയെ നോക്കിക്കാണുന്നത്. 

ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്താന്റെ ഇംഗ്ലീഷ് ഭാഷ ഔദ്യോഗിക അക്കൗണ്ട് എന്ന് വിശേഷിപ്പിക്കുന്ന താലിബ് ടൈംസും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.'  നമ്മുടെ വ്യോമസേന! ഇസ്ലാമിക് എമിറേറ്റ്‌സിന്റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു.' എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് താലിബ് ടൈംസ് കുറിച്ചിരിക്കുന്നത്. 

റിപ്പബ്ലിക്കന്‍ സെനറ്ററായ ടെഡ് ക്രൂസും ജോ ബൈഡനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.' ജോ ബൈഡന്റെ അഫ്ഗാനിസ്താന്‍ മഹാവിപത്തിന്റെ സംക്ഷിപ്തരൂപം. താലിബാന്‍ ഒരാളെ അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുകയാണ്. ദുരന്തപൂര്‍ണം, ചിന്തിക്കാന്‍ പോലും സാധിക്കാത്തത്.' ക്രൂസ് കുറിച്ചു. 

അതേസമയം അഫ്ഗാന്‍ വിട്ട അമേരിക്ക അഫ്ഗാന്‍ സൈന്യത്തിനായി ഇറക്കുമതി ചെയ്ത വാഹനങ്ങളും മറ്റും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. രാജ്യം വിടുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ വിമാനങ്ങളും ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളും സൈന്യം പ്രവര്‍ത്തനരഹിതമാക്കി.

ഇത്തരം വാഹനങ്ങള്‍, സംവിധാനങ്ങള്‍  എന്നിവ നശിപ്പിക്കുന്നത് ഏറെ സമയം ആവശ്യമായതും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനവുമാണ്, അതിനാലാണ് അവ പ്രവര്‍ത്തന രഹിതമാക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച  73 വിമാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയതായി സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍  കെനത്ത് മക്കെന്‍സി അറിയിച്ചു. ' ആ വിമാനങ്ങള്‍ ഇനി പറക്കില്ല......അത് ഒരിക്കലും ഒരാളെ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.' അദ്ദേഹം പറഞ്ഞു.

യു.എസ്. സൈന്യം പ്രവര്‍ത്തനരഹിതമാക്കിയതില്‍ എം.ആര്‍.എ.പി. ആയുധവാഹനങ്ങള്‍, ഹംവീസ്, സി.റാം സിസ്റ്റം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ സി.റാം വിമാനത്താവളങ്ങളെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് തടയാന്‍ ശേഷിയുള്ളതാണ്. ഈ സംവിധാനമാണ് ഐ.എസിന്റെ റോക്കറ്റ് ആക്രമണത്തെ തടുത്തതും.

Content Highlights:Taliban Flying US Chopper With Body Dangling