കാബൂള്‍: അഫ്ഗാനിസ്താന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍. തങ്ങളുടെ സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയില്‍ ഉണ്ടായിരുന്നവരെയും പുതിയ സേനയുടെ ഭാഗമമാക്കും. ഏത് സംവിധാനമാണോ ആവശ്യം അവയെല്ലാം സ്വന്തമായി നിര്‍മ്മിക്കാനാണ് ഞങ്ങളുടെ തീരുമാനം, താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ഭരണകൂടം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ ശക്തമായ ഒരു വ്യോമസേനയും താലിബാന്റെ ഭാഗമാകുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. 

നേരത്തെ ഒരു അമേരിക്കന്‍ നിര്‍മിത ഹെലികോപ്റ്റര്‍ ഉള്‍പ്പടെ മൂന്ന് ഹെലികോപ്റ്ററുകള്‍ താലിബാന്‍ കാബൂള്‍ സൈനിക ആശുപത്രിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പ് അഫ്ഗാന്‍ സര്‍ക്കാരിന് ഇരുന്നൂറോളം യുദ്ധവിമാനങ്ങളുള്ള വ്യോമസേനയുണ്ടായിരുന്നു. ഇതില്‍ എത്രത്തോളം വിമാനങ്ങള്‍ ഇപ്പോള്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല.

അഫ്ഗാനിസ്താന് സ്വതന്ത്രവും കരുത്തുറ്റതുമായ ഒരു സൈന്യത്തെ സൃഷ്ടിക്കലാണ് തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Taliban express their intention to build their own Air Force in Afghanistan