കാബൂള്‍: അഫാഗാനിസ്തിന്‍ വീണ്ടും താലിബാന്റെ ക്രൂരത. അച്ഛൻ പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന സംശയത്തെ തുടര്‍ന്ന് താലിബാന്‍ തീവ്രവാദികള്‍ കുട്ടിയെ വധിച്ചു. അഫ്ഗാനിസ്താനിലെ തഖര്‍ പ്രവിശ്യയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ പുറത്തുവിട്ടു. 

പിതാവ് പ്രതിരോധ സേനാംഗമാണെന്ന സംശയത്തെ തുടര്‍ന്നാണ് താലിബാന്‍ കുട്ടിയെ വധിച്ചതെന്ന് പഞ്ച്ശീര്‍ ഒബ്‌സേര്‍വര്‍ ട്വീറ്റ് ചെയ്തു. പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ പങ്കുവെച്ച ട്വീറ്റില്‍ തെരുവില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയേയും സമീപത്തിരുന്ന് മറ്റ് മൂന്ന് കുട്ടികള്‍ കരയുന്നതും കാണാം. 

കഴിഞ്ഞ ദിവസം പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത് നഗര മധ്യത്തില്‍ താലിബാന്‍ ഒരു മൃതദേഹം കെട്ടിത്തൂക്കിയിരുന്നു. ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് പോലീസ് വധിച്ച നാല് പേരില്‍ ഒരാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

അഫ്ഗാനില്‍ വധശിക്ഷയും അംഗവിച്ഛേദവും താലിബാന്‍ തിരികെ കൊണ്ടുവരുമെന്നും താലിബാന്‍ നേതാവ് പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നാണ് അഫ്ഗാന്‍ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിര്‍ന്ന താലിബാന്‍ നേതാവുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞത്.

Content Highlights: Taliban execute child over suspicion of his father being part of Afghan resistance force