പ്രതീകാത്മക ചിത്രം | Photo: AFP
കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിക്കാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കാബൂളില്‍ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ല. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയതായി താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കാം. എന്നാല്‍ നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
താലിബാന്‍ ഉടന്‍തന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഫ്ഗാനിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ജലാദാബാദ് താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജലാദാബാദ് ഗവര്‍ണര്‍ കീഴടങ്ങിയതിനാലാണ് ആക്രമണങ്ങള്‍ നടക്കാതിരുന്നതെന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വക്താക്കള്‍ നല്‍കുന്ന വിവരം.
Content Highlights: Taliban Enter Kabul, "Coming From All Sides," Say Afghan Official: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..