കാബൂള്‍: ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്താന്‍ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. അഫ്ഗാന്റെ പുതിയ വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ തെറ്റാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. 

എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ്‌ ഓഫ് അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സബീഹുള്ള ട്വീറ്റ് ചെയ്തു. 

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം. പാകിസ്താന്‍ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായിയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണെന്നും അജയ് സഹായ് പറഞ്ഞിരുന്നു. 

ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിന് പുറമേ അഫ്ഗാനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപവുമുണ്ട്. പഞ്ചസാര, മരുന്നുകള്‍, തുണിത്തരങ്ങള്‍, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റിയയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നത്.

content highlights: Taliban dismiss reports of not wanting trade relations with certain countries