കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്.  മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടവിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ല. താലിബാന്‍ വക്താവ്  സാബിനുള്ള  മുജാഹിദ് വ്യക്തമാക്കി.  

യുദ്ധമേഖലയിലേക്ക്  ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങള്‍ നല്‍കാറുമുണ്ട്.  ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. 

പുലിസ്റ്റര്‍ ജേതാവായ ഡാനിഷ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ തലവനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി  കാണ്ഡഹാറില്‍ നിന്നാണ് ഡാനിഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. താന്‍ സഞ്ചരിച്ചിരുന്ന കാര്‍ താലിബാന്‍ ആക്രമിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഡാനിഷിനോടൊപ്പം മുതിര്‍ന്ന അഫ്ഗാന്‍ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

Content Highlight: Taliban denies role in Danish Siddiqui’s death