കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിത അണക്കെട്ടിന് സമീപമുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 10 പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം.

യുദ്ധക്കെടുതികളിൽ ഇല്ലാതായ സൽമാ ഡാം ഇന്ത്യയാണ് 1700 കോടി രൂപ ചിലവാക്കി അഫ്ഗാന് പുനർനിർമ്മിച്ചു നൽകിയത്. ഇന്ത്യ- അഫ്ഗാൻ സൗഹൃദ ബന്ധത്തിന്റെ പ്രതീകമായാണ് ഈ അണക്കെട്ടിനെ കാണുന്നത്.

'ഒരു കൂട്ടം താലിബാന്‍ ഭീകരര്‍ ചാഷിലെ സല്‍മാ അണക്കെട്ടിനു സമീപമുള്ള ചെക്ക് പോസ്റ്റ് ആക്രമിച്ച് പോലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു'സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

യുദ്ധക്കെടുതികളിലുഴലുന്ന അഫ്ഗാനിസ്ഥാന് സഹായഹസ്തമെന്നോണമാണ് ഇന്ത്യ തകര്‍ക്കപ്പെട്ട സല്‍മാ അണക്കെട്ട് പുനര്‍നിര്‍മിച്ചത്. 2016 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയും ഒരുമിച്ചാണ് സല്‍മാ ഡാം ഉദ്ഘാടനം ചെയ്തത്‌. 1700 കോടി രൂപ മുടക്കി ഇന്ത്യ പണിതു നല്‍കിയ അണക്കെട്ട് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.