പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
തായ്‌പേയ് (തയ്‌വാന്‍): സ്വവർഗ വിവാഹം കഴിച്ചതിനു തൊട്ടുപിന്നാലെ തയ്‌വാനില്‍ പതിനെട്ടുകാരനായ ശതകോടീശ്വരനെ ഫ്‌ളാറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ലായ് എന്നു പേരുള്ള യുവാവിനെയാണ് പത്തുനിലയുള്ള കെട്ടിടത്തിനുതാഴെ മരിച്ചനിലയിൽ കണ്ടത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സിയ എന്നു പേരുള്ള ഇരുപത്താറുകാരനുമായി ലായ് നിയമപരമായി വിവാഹം കഴിച്ചിരുന്നു.
മരിക്കുന്നതിനു മുന്‍പ് കുടുംബസ്വത്തായ 135 കോടിയോളം രൂപ പിതാവ് ലായ്ക്ക് എഴുതിനല്‍കിയിരുന്നു. പിന്നാലെ സിയയും ലായ്‌യും രജിസ്റ്റര്‍ വിവാഹം നടത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ലായ്‌യെ കെട്ടിടത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇരുവരും വിവാഹിതരായത്.
ലായ് മരിക്കുന്ന സമയത്ത് താമസിച്ചിരുന്ന കെട്ടിടത്തിൽ സിയയും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഇരുവരും ഫ്‌ളാറ്റില്‍ ഒരുമിച്ച് എത്തിയതായിരുന്നു. ലായ്‌യുടെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് അസിസ്റ്റന്റ് കൂടിയായിരുന്നു സിയ. സിയയും പിതാവും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായിരുന്നു. ഇരുവരും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും അനന്തരാവകാശം സംബന്ധിച്ച വിഷയങ്ങളിലും ലായ്‌യുടെ പിതാവിനെ സഹായിച്ചിരുന്നു.
മേയ് നാലിനാണ് ലായ് മരിക്കുന്നത്. എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് ലായ്‌യുടെ അമ്മ, വക്കീലിനെയും കൂട്ടി തയ്‌വാനില്‍ 19-ന് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. ലായ്‌യുടെ പിതാവ് കഴിഞ്ഞ മാസമാണ് മരിച്ചത്. പിതാവിന്റെ ഭീമമായ സമ്പത്ത് മകന് അനന്തരാവകാശമായി കിട്ടിയ ഉടനെത്തന്നെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പണം തട്ടിയെടുക്കാനായി ലായ്‌യെ കൊന്നതാണെന്നും തുടര്‍ന്ന് അത് ആത്മഹത്യയാക്കിത്തീര്‍ത്തതാണെന്നും അമ്മ ആരോപിക്കുന്നു. മകന്‍ സ്വവര്‍ഗാനുരാഗിയല്ല. സിയയെ ആകെ രണ്ടുവട്ടമാണ് അവന്‍ കണ്ടത്. അച്ഛന്റെ സംസ്‌കാരച്ചടങ്ങിനിടെയാണ് ആദ്യം കണ്ടതെന്നും അമ്മ പറഞ്ഞു.
അതിനിടെ ലായ്‌യുടെ മരണകാരണം സംബന്ധിച്ച ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്‌ക്കോ ശരീരത്തിനോ കെട്ടിടത്തില്‍നിന്ന് വീണതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീഴുന്നതിനു മുന്‍പ് ഏതോ വിഷം അകത്തു ചെന്നിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. തയ്‌വാനില്‍ സ്വവര്‍ഗ വിവാഹം നിയമപരമാണ്.
Content Highlights: taiwanese millionaire heir, 18, found dead 2 hours after marrying man he just met


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..