രു കാല് മാത്രമുള്ള മനുഷ്യന്‍, ഇല്ലാത്ത കാലിന്റെ സ്ഥാനത്ത് ഊന്നുവടി കുത്തി എണീറ്റുനിന്ന്, കൈകളും കാലുകളുമില്ലാത്ത ഒരു കുഞ്ഞിനെ ഇരുകൈകളിലും ആകാശത്തേയ്ക്കുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു- ഇത്തവണത്തെ സീയന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ പുരസ്‌കാരം നേടിയത് ഈ ഫോട്ടോ ആയിരുന്നു. സിറിയക്കാരായ അച്ഛന്റെയും മകന്റെയും ആഹ്ലാദനിമിഷമാണ് ചിത്രത്തിലുള്ളതെങ്കിലും കാണുന്നവരില്‍ സന്തോഷമല്ല, തീരാത്ത വ്യസനമാണ് വന്നുനിറയുന്നത്.

ചിത്രത്തില്‍ കാണുന്നത് മുന്‍സീര്‍ എന്ന സിറിയന്‍ യുവാവാണ്. അദ്ദേഹത്തിന്റെ കൈയ്യിലിരിക്കുന്നത് മകന്‍ മുസ്തഫയും. സിറിയ അടക്കം ലോകത്തിലെ നിരവധി രാജ്യങ്ങള്‍ ഇന്നു നേരിടുന്ന ഭീകരവാദത്തിന്റെയും അവസാനിക്കാത്ത അരക്ഷിതാവസ്ഥകളുടെയും ദയനീയതയും ഭീതിയും ഒപ്പിയെടുത്ത ഒരു ക്ലിക്ക്. അതേസമയം, അനന്തമായ ദുരിതപര്‍വ്വങ്ങളെയും അതിജീവിക്കാന്‍ കരുത്തുനല്‍കുന്ന, സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചംപൊഴിക്കുന്ന ഒരു ജീവിത നിമിഷം!

സിറിയയിലെ ഇദ്‌ലിബ് നഗരത്തില്‍വെച്ച് ബോംബ് സ്‌ഫോടനത്തിലാണ് മുന്‍സീറിന്റെ വലത് കാല് നഷ്ടപ്പെട്ടത്. മകന്‍ മുഹമ്മദിന് ജന്മനാ ഇരു കാലുകളും കൈകളുമില്ല. സിറിയയിലെ ആഭ്യന്തര കലാപങ്ങള്‍ക്കിടെ നടന്ന വിഷവാതക ആക്രമണത്തിന് ഇരയായിരുന്നു മുഹമ്മദിന്റെ അമ്മ സെയ്‌ന. അങ്ങനെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സെയ്‌ന കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലമായാണ് മുഹമ്മദിന് അംഗവൈകല്യങ്ങളോടെ ജനിക്കേണ്ടിവന്നത്. പിന്നീട് ഈ കുടുംബം അഭയാര്‍ഥികളായി സിറിയയില്‍നിന്ന് തുര്‍ക്കിയിലെത്തി.

തുര്‍ക്കി ഫോട്ടോഗ്രാഫര്‍ മെഹ്മദ് അസ്ലന്‍ ആണ് ഈ ഫോട്ടോ പകര്‍ത്തിയത്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പ്രവിശ്യയായ ഹാത്തിയിലെ റെയ്ഹാന്‍ലിയില്‍നിന്നാണ് അദ്ദേഹം ഈ ജീവിത നിമിഷം കാമറയിലാക്കിയത്. 'ജീവിത ക്ലേശം' (ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്) എന്നാണ് ഈ ചിത്രത്തിന് അദ്ദേഹം പേര് നല്‍കിയത്. 'അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുദീര്‍ഘവും ദുഷ്‌കരവുമായ അനുഭവങ്ങളുടെ വേദനയാണ് ചിത്രം പകരുന്നതെ'ന്ന് പുരസ്‌കാര നിര്‍ണയ സമിതിയിലെ അംഗങ്ങളിലൊരാളായ കടവോക ഹിഡ്‌കോ നിരീക്ഷിക്കുന്നു. ഫോട്ടോയില്‍ നാം കാണുന്ന അവരുടെ സന്തോഷം എത്രയേറെ അനിശ്ചിതത്വം നിറഞ്ഞതാണെന്നും അവർ ഓർമിപ്പിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധം സിറിയന്‍ ജനതയെ വിവരിക്കാനാവാത്ത ദുരിതങ്ങളിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. അവര്‍ ജന്മനാടുവിടാന്‍ നിര്‍ബന്ധിതരാകുന്നു. സിറിയയില്‍നിന്നുള്ള 56 ലക്ഷത്തോളം ജനങ്ങള്‍ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി ജീവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍ല്‍പ്പെടാത്ത ലക്ഷങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം തുടരുകയോ പാതിവഴിയില്‍ ഒടുങ്ങുകയോ ചെയ്തുകൊണ്ടിരിക്കുന്നു.

Content Highlights: Syrian father Holding Son Wins Siena Photo Awards