ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്.

ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാല്‍ ഓക്‌സിജന്‍ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കുന്നതാണ് പ്രവര്‍ത്തന രീതി. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂള്‍ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്‌സൂളും മാറ്റിയാല്‍ യന്ത്രം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. 

'ഡോക്ടര്‍ ഡെത്ത്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടർ ഡോ. ഫിലിപ്പ് നിച്ഷ്‌കേ ആണ് യന്ത്രത്തിന് പിന്നില്‍ പ്രവർത്തിച്ചത്. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Content Highlights: switzerland legalises suicide sarco machine and about to be used from next year onwards