ബ്രസീലിയ: വിനോദസഞ്ചാര കേന്ദ്രത്തിലെ തടാകത്തില്‍ നീന്തലിനിറങ്ങിയ ആള്‍ക്ക് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ബ്രസീലിലെ ക്യാംപോ ഗ്രാന്‍ഡേയിലാണ് സംഭവം. ചീങ്കണ്ണി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

കാടിന് നടുവിലുള്ള തടാകത്തില്‍ വിലക്ക് ലംഘിച്ച് ഒരാള്‍ നീന്താന്‍ എത്തുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വില്യന്‍ കേയ്റ്റാനോ പറഞ്ഞു. വൈകുന്നേരം 4.40ഓടെയാണ് ഒരാള്‍ തടാകത്തിലേക്ക് പ്രവേശിച്ചത്. മുതലയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ കടന്നത്. 

തടാകത്തില്‍ നീന്താന്‍ ആരംഭിച്ചതുമുതല്‍ ചീങ്കണ്ണി ഇയാളെ പിന്തുടരാന്‍ തുടങ്ങിയിരുന്നുവെന്ന് കേയ്റ്റാനോ പറഞ്ഞു. ചീങ്കണ്ണി പിന്നാലെയുണ്ടെന്ന് മനസ്സിലായപ്പോള്‍ വെള്ളത്തിലിറങ്ങിയ ആള്‍ കൂടുതല്‍ വേഗത്തില്‍ നീന്താന്‍ ആരംഭിച്ചു. എന്നാല്‍ അതിവേഗത്തില്‍ എത്തിയ ചീങ്കണ്ണിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. അദ്ദേഹത്തിന്റെ കൈയുടെ ഭാഗത്ത് ചീങ്കണ്ണി കടിച്ചു. മുറിവുമായാണ് അയാള്‍ തടാകത്തില്‍ നിന്ന് കയറിവന്നത്, കേയ്റ്റാനോ പറഞ്ഞു. കേയ്റ്റാനോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

വിനോദസഞ്ചാര കേന്ദ്രം അധികൃതര്‍ ഉടന്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ കൈയ്യില്‍ മാത്രമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ വ്യക്തമാക്കി. തടാകത്തിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കാത്തതാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് തടാകം കാണാന്‍ എത്തിയവര്‍ ആരോപിക്കുന്നത്. 

വീഡിയോ കടപ്പാട്: NDTV

Content Highlights: Swimmer Attacked By Alligator In Terrifying Video