ഗ്രഹത്തിന്റെ പൂർവചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ പെർസിവിയറൻസ് എന്ന ബഹിരാകാശപേടകം ചൊവ്വയിലിറങ്ങിയ അഭിമാനനിമിഷത്തെ കുറിച്ചുള്ള ആദ്യപ്രഖ്യാപനം നടത്തിയത് ഡോക്ടർ സ്വാതി മോഹനാണ്. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക്‌ സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് സ്വപ്നം കണ്ട പെൺകുട്ടി തന്റെ ദൃഢനിശ്ചയത്തെ പിന്തുടർന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തി. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിൽ സ്വാതി മോഹൻ അംഗമായത്.

പേര്‍സിവിയറന്‍സിന്റെ ലാൻഡിങ് സംവിധാനത്തിനാവശ്യമായ് മാർഗനിർദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നൽകിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎൻ&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയത് ഇന്ത്യൻ വംശജയായ ഈ ശാസ്ത്രജ്ഞയാണ്.

ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാർ ട്രെക്‌ സീരിസിൽ സ്വാതിയ്ക്ക് അതിയായ താത്‌പര്യം ജനിച്ചത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലാണ്. കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ & എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.

ശിശുരോഗവിദഗ്ധയാവാനുള്ള സ്വാതിയുടെ ആദ്യതാത്‌പര്യം പാടെ ഇല്ലാതാക്കിയത് ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും ഫിസിക്സ് അധ്യാപികയുമായിരുന്നു. സ്റ്റാർ ട്രെക്‌ ഉണ്ടാക്കിയ ബഹിരാകാശലോകത്തെ കുറിച്ചുള്ള താത്‌പര്യത്തെ ഭൗതികശാസ്ത്രപഠനം ഊർജ്ജിതപ്പെടുത്തി. പഠനത്തിന് എൻജീനീയറിങ് മേഖല തിരഞ്ഞെടുക്കാമെന്ന് സ്വാതി മോഹൻ തീർച്ചപ്പെടുത്തി.

നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വയിൽ ജീവൻ തേടിയുള്ള ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതി മോഹൻ നേതൃത്വ പങ്കാളിയാവുന്നത്. ചുവപ്പുരാശി പടർന്ന ചൊവ്വയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി പെർസിവിയറൻസ് ലാൻഡ് ചെയ്തപ്പോൾ നാസയുടെ ശാസ്ത്രകേന്ദ്രത്തിൽ മാത്രമല്ല ലോകമെങ്ങും ആഹ്ളാദം പടർത്തിയ പ്രഖ്യാപനം നടത്താനുള്ള നിയോഗവും ഡോക്ടർ സ്വാതി മോഹൻ എന്ന ശാസ്ത്രജ്ഞയ്ക്കായിരുന്നു. നാസയുടെ ശനീഗ്രഹദൗത്യമായ കാസ്സിനിയിലും സ്വാതി മോഹൻ അംഗമാണ്.

 

Swati Mohan, Indian-American scientist who led charge to land Nasa rover on Mars inspired by Star Tek