സ്റ്റോക്‌ഹോം: രാഷ്ട്രീയപരീക്ഷണത്തിന്റെ മഹാഭൂമികയായിരുന്ന സോവിയറ്റ് യൂണിയന്റെ ഹൃദയമിടിപ്പ് ലോകത്തിനു മുന്നില്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെത്‌ലാന അലക്‌സ്യേവിച്ചിന് 2015ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. നനമ്മുടെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും സ്മാരകങ്ങളാണ് സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനകളെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. 

സംഭവങ്ങളുടെയും വസ്തുതകളുടെയും ശേഖരമല്ല സ്വെത്‌ലാനയുടെ എഴുത്ത്. ചേതോവികാരങ്ങളുടെ ചരിത്രമാണ് അവര്‍ക്ക് വാക്കിന്റെ വഴി. ചരിത്രത്തിലില്ലാത്ത, എവിടെയും ഒടുങ്ങിപ്പോകുന്ന വെറും മനുഷ്യരുടെ വികാരങ്ങളുടെ രേഖപ്പെടുത്തലാണ് സ്വെത്‌ലാനയുടെ എഴുത്ത്. കല കള്ളം പറയുമായിരിക്കും. പക്ഷെ, പ്രമാണങ്ങള്‍ക്ക് നുണ പറയുകവയ്യ. ഓരോ വസ്തുതയും ആരുടെയെങ്കിലും തീക്ഷ്ണമായ ആഗ്രഹവും മനസ്സിന്റെ ഒടുങ്ങാത്ത ശക്തിയുമാണ്. അതുകൊണ്ടുതന്നെ, ഭാവനയുടെ ചിറകിനേക്കാളേറെ സ്വെത്‌ലാന സ്വായത്തമാക്കിയത് യാഥാര്‍ത്ഥ്യത്തിന്റെ കാല്‍പ്പാടുകളെ. 

ഓരോ രചനയും സ്വെത്‌ലാനയ്ക്ക് ഒരു പാടു വ്യക്തികളിലേക്കുള്ള ആത്മബന്ധത്തിന്റെ നീണ്ട യത്‌നം കൂടിയാണ്. ഓരോ പുസ്തകത്തിന്റെയും രചനയ്ക്കു വേണ്ടി എഴുന്നൂറോളം വ്യക്തികളെ അവര്‍ നേരിട്ടു കാണുന്നു. അനുഭവങ്ങള്‍ തൊട്ടറിയുന്നു. സന്തോഷങ്ങളിലും സന്താപങ്ങളിലും അലിഞ്ഞുചേരുന്നു. ഓരോ വ്യക്തിക്കും പറയാനുള്ളത് അയാളുടെ/അവളുടെ മുന്നേ കടന്നു പോയവരെ കുറിച്ചു കൂടിയാണ്. തലമുറകളുടെ സംഘാതമാണത്. അങ്ങനെ സ്വെത്‌ലാനയുടെ എഴുത്ത് കാലത്തെ മറികടക്കുന്നു.

'ഞാന്‍ തിരയുന്നത് ജീവിതത്തിന്റെ വൈവിധ്യത്തെയാണ്. നിരീക്ഷണത്തെയും വിശദാംശങ്ങളെയുമാണ്. ജീവിതത്തില്‍ എനിക്കുള്ള താല്പ്പര്യം അതിന്റെ സമഗ്രതയിലല്ല. യുദ്ധത്തിന്റെ ഏകതാനതയിലല്ല, ചെര്‍ണോബില്‍ ദുരന്തത്തിന്റെ കെടുതിയിലല്ല, ആത്മഹത്യയുടെ അവസാനത്തിലല്ല. മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാനാണ് എനിക്കിഷ്ടം. നമ്മുടെ കാലത്ത് അതിനെന്തു സംഭവിക്കുന്നു എന്നറിയാനാണ് താല്‍പ്പര്യം. മനുഷ്യരെങ്ങനെ പെരുമാറുന്നുവെന്നതും പ്രതികരിക്കുന്നുവെന്നതും എന്റെ ഇഷ്ടവിഷയം. ഉയിരിന്റെ ജീവതാളത്തെ ഞാന്‍ അന്വേഷിക്കുന്നു. കാലവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം ഞാന്‍ തിരയുന്നു. മനുഷ്യരെങ്ങനെ മനുഷ്യരാവുന്നുവെന്ന് ഞാന്‍ അറിയുന്നു.' സ്വെത്‌ലാന അലക്‌സ്യേവിച്ചിന്റെ എഴുത്തിന്റെ വഴികള്‍ ഈ വാക്കുകളില്‍നിന്നു തെളിയുന്നു. 

സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെത്‌ലാനയുടെ ജനനം. ഉക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകള്‍. ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പ്രാദേശികപത്രങ്ങളിലെ ലേഖിക. പിന്നീട് ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ സാഹിത്യമാസികയായ നെമാനില്‍ കറസ്‌പോണ്ടന്റ്. 

വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് എന്ന ആദ്യപുസ്തകം 1985ല്‍ പ്രസിദ്ധീകരിച്ചു. 20 ലക്ഷത്തിലധികം കോപ്പികളാണ് ഈ നോവല്‍ ലോകമെങ്ങും വിറ്റഴിച്ചത്. ദ് ലാസ്റ്റ് വിറ്റ്‌നെസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്റ്റോറീസ് രണ്ടാം ലോകയുദ്ധത്തിലെ തന്റെയും മറ്റുള്ളവരുടെയും വ്യക്തിപരമായ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്. 1993ല്‍ പുറത്തുവന്ന എന്‍ചാന്റഡ് വിത്ത് ഡെത്ത് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നിരാശാഭരിതരും ആത്മഹത്യയില്‍ അഭയം തേടിയവരെയും കുറിച്ചായിരുന്നു. സിങ്കി ബോയ്‌സ്: സോവിയറ്റ് വോയ്‌സസ് ഫ്രം ദി അഫ്ഗാനിസ്താന്‍ വാര്‍, യുദ്ധം തോറ്റ റഷ്യന്‍ യുവതയുടെ ആത്മരാഹിത്യത്തിന്റെ വിലാപമായിരുന്നു.  വോയ്‌സസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ ലോകത്തെ മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും കണ്ണു തുറപ്പിച്ചു. ഭീകരമായ ആണവദുരന്തത്തിന്റെ മറയ്ക്കാനാവാത്ത വേദന ഒരു തലമുറയുടെ തന്നെ വികസനത്തോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. 21 ഡോക്യുമെന്റികള്‍ക്ക് തിരക്കഥ രചിച്ച അവര്‍ മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.

1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്. പുരുഷന്മാര്‍ ഏറെയുള്ള സാഹിത്യഭൂമികയില്‍ രണ്ടു വര്‍ഷത്തിനിടെയാണ് ഒരു സ്ത്രീ എഴുത്തുകാരിക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്. കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ 2013ലെ പുരസ്‌കാരത്തിന് അര്‍ഹയായി. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മദിയാനോയ്ക്കായിരുന്നു പുരസ്‌കാരം.