നയ്പിഡോ: മ്യാന്‍മാര്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടി ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.)പാര്‍ട്ടി. പുതിയതായി പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ എന്‍.എല്‍.ഡി. നേടിയിട്ടുണ്ട്. 

440 സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 412 സീറ്റുകളെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 64 സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാനിരിക്കെ എന്‍.എല്‍.ഡി. 346 സീറ്റുകള്‍ നേടിയിട്ടുണ്ട്. പുറത്തുവന്ന ഫലങ്ങള്‍ അനുസരിച്ച് സൈനിക പിന്തുണയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) 24 സീറ്റുകള്‍ നേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച യുഎസ്ഡിപി പുതിയ വോട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വലിയ ക്രമക്കേടുകളില്ലാതെ തിരഞ്ഞെടുപ്പ് സുഗമമായി നടന്നുവെന്ന് അന്താരാഷ്ട്ര-ആഭ്യന്തര നിരീക്ഷകര്‍ പറഞ്ഞു. ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പട്ടാള ഭരണം അവസാനിച്ചശേഷമുള്ള രണ്ടാമത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 390 സീറ്റാണ് എന്‍.എല്‍.ഡി നേടിയത്. റോഹിംഗ്യന്‍ മുസ്ലിം വിഷയത്തില്‍ കൈക്കൊണ്ട നടപടികളുടെ പേരില്‍ സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സ്യൂചിയുടെ സത്പേരിന് മങ്ങലേറ്റിരുന്നെങ്കിലും ബമാര്‍ വിഭാഗക്കാരുടെ ഇടയില്‍ സ്യൂചിക്ക് വലിയ സ്വാധീനമാണുള്ളത്.

2015-ല്‍ സൈനിക ഭരണം അവസാനിച്ചതിനുശേഷം നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എന്‍എല്‍ഡി നേടിയിരുന്നത്. തിരഞ്ഞെടുപ്പ് സ്യൂചിയുടെ നേതൃത്വത്തില്‍ എന്‍.എല്‍.ഡി. ആണ് തൂത്തുവാരിയെന്നാലും പട്ടാളവുമായി ഭരണം പങ്കുവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Content Highlights: Suu Kyi’s party wins enough seats to form Myanmar’s next government