ബെര്‍ലിന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു. 

യാത്രക്കാരന്‍ നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക്കിടയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് വന്നവര്‍ ആളുകളുമായി ഇടപഴകുന്നത് കുറയ്ക്കണമെന്നും കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തെ ബെല്‍ജിയത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. 

ഒമിക്രോണ്‍ വകഭേദം യൂറോപ്പിലുമെത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 

അതേസമയം കോവിഡ് വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനക്ക വ്യക്തമാക്കി. ഈ വാക്‌സിന്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും ആസ്ട്രാസെനക്ക ഗവേഷണ വിഭാഗം അവകാശപ്പെടുന്നു. 

Content Highlights: Suspected Omicron case found in Germany