സോള്‍: ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ബ്രിട്ടീഷ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്ര സനേകയെ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ആസ്ട്ര സനേകയുടെ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം ഇവര്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ആഴ്ചകളിലായിരുന്നു ഹാക്കിങ് ശ്രമം നടന്നത്.
ലിങ്ക്ഡ്ഇനിലും വാട്ട്‌സ്ആപ്പിലും റിക്രൂട്ടര്‍മാര്‍ ചമഞ്ഞ്, ആസ്ട്ര സനേകയിലെ ജീവനക്കാരെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളുമായി സമീപിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ശേഷം ജോലിയെക്കുറിച്ചുള്ള വിവരണം എന്ന പേരില്‍ ചില രേഖകള്‍ അയക്കും. ഇരയാക്കപ്പെടേണ്ടവരുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭിക്കുംവിധത്തിലുള്ള കോഡുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ രേഖകള്‍ അയക്കുന്നത്.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ആളുകളെ ഹാക്കര്‍മാര്‍ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഹാക്കര്‍മാരുടെ ശ്രമം വിജയംകണ്ടില്ലെന്നാണ് നിഗമനം. ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തര കൊറിയയുടെ പ്രതിനിധി സംഘവും ആസ്ട്ര സനേകയും വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം, കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികളെ ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. എത്ര കമ്പനികളെ ഉത്തര കൊറിയ ലക്ഷ്യംവെച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാക്കിങ് നടന്നിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി(എന്‍.ഐ.എസ്.) അറിയിച്ചതായി പാര്‍ലമെന്ററി ഇന്റലിജന്‍സ് കമ്മിറ്റി അംഗം ഹാ തായി കിയുങ് പറഞ്ഞു.
റഷ്യയുടെയും ഉത്തര കൊറിയയുടെയും സര്‍ക്കാരുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ഏഴ് കോവിഡ് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളില്‍ കടക്കാന്‍ ശ്രമിച്ചിരുന്നതായി ഈ മാസം ആദ്യം മൈക്രോ സോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു. കാനഡ, ഫ്രാന്‍സ്, ഇന്ത്യ, ദക്ഷിണ കൊറിയ, യു.എസ്. എന്നീ രാജ്യങ്ങളിലെ കമ്പനികളെയാണ് ഈ ഹാക്കര്‍മാര്‍ ലക്ഷ്യമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ തങ്ങള്‍ക്കു നേരെയുണ്ടായ ഹാക്കിങ് ശ്രമത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
content highlights: suspected north korean hackers targeted covid vaccine maker astra zeneca-report