പ്രതീകാത്മക ചിത്രം Photo : Twitter / @aletweetsnews
വാഷിങ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നിട്ട് ചൈനയുടെ ചാരബലൂണ്‍. യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ സംബന്ധിച്ച വാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ചൈനയിലേക്ക് സന്ദര്‍ശനത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം.
ചാര ബലൂണ്‍ ചൈനയുടേതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബലൂണ്‍ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്‌ട്രോം വ്യോമസേനാആസ്ഥാനം സ്ഥിതിചെയ്യുന്ന മൊണ്ടാനയിലാണ് ബലൂണ്‍ ആദ്യമായി ദൃശ്യമായതെന്നത് യുഎസിന്റെ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു.
വാണിജ്യവ്യോമഗതാഗത മേഖലയ്ക്ക് മുകളിലാണ് ബലൂണിന്റെ സഞ്ചാരം എന്നതിനാല്‍ വ്യോമഗതാഗതത്തിനോ സാധാരണജനജീവിതത്തിനോ തത്കാലം ഭീഷണിയില്ലെന്നും നോര്‍ത്ത് അമേരിക്കന്‍ എയറോസ്‌പേയ്‌സ് ഡിഫന്‍സ് കമാന്‍ഡ്, യുഎസ് നോര്‍തേണ്‍ കമാന്‍ഡ് എന്നിവ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ബലൂണിന്റെ സഞ്ചാരഗതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മുന്‍കാലങ്ങളിലും ഇതേരീതിയില്‍ ചാരബലൂണുകള്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള വിവരംചോര്‍ത്തല്‍ ഈ ബലൂണുകളിലൂടെ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ ചാരബലൂണിനെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്.
ചാരബലൂണ്‍ യുഎസിന്‍റെ ആശങ്കയേറ്റുന്നു?
വ്യാഴാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ബലൂണിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. ഏകദേശം 40,000 അടി ഉയരത്തിലാണ് (12,000 മീറ്റര്‍) മൊണ്ടാനയ്ക്ക് മീതെ ബലൂണിനെ കണ്ടതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. വ്യോമസേനയുടെ ഒരു മിസൈല്‍ വിങ്ങും മിനിറ്റ്മാന്‍ III ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാല്‍ത്തന്നെ മൊണ്ടാന ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്.
തന്ത്രപ്രധാന മേഖലകളിലൂടെയുള്ള ബലൂണിന്റെ സഞ്ചാരം പെന്റഗണില്‍ ആശങ്ക ഏറ്റുന്നതിനിടെ ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റിവെച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബലൂണ്‍ എപ്പോള്‍ യുഎസിന് മുകളിലെത്തി എന്നതില്‍ അവ്യക്തത
രണ്ട് ദിവസം മുമ്പാണ് ബലൂണ്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ ദൃശ്യമായതെന്നാണ് പ്രതിരോധവകുപ്പ് പറയുന്നത്. എന്നാല്‍ എതാനും ദിവസം മുമ്പുതന്നെ ബലൂണിന്റെ നീക്കം യുഎസ് നിരീക്ഷിച്ചുവരുന്നതായാണ് അനൗദ്യോഗികവിവരം. ഫിലിപ്പീന്‍സിലായിരുന്ന പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബുധനാഴ്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ മൊണ്ടാനയില്‍ ജെറ്റ് വിമാനങ്ങള്‍ പരീക്ഷണപ്പറക്കല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബലൂണ്‍ ദൃശ്യമായതിന് പിന്നാലെ സൈനികനടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഉന്നത സൈനിക ഉദ്യോഗസ്ഥരും ബലൂണിനെ വെടിവെച്ച് വീഴ്ത്തുന്ന കാര്യം പരിഗണിച്ചിരുന്നതായും ഇതിനായി ഫൈറ്റര്‍ ജെറ്റുകള്‍ തയ്യാറാക്കിയതായും പ്രതിരോധ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ബലൂണിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബലൂണില്‍ നിന്ന് അടിയന്തരഭീഷണിയില്ലാത്തതിനാല്‍ അതിനെ നിരീക്ഷിക്കുക മാത്രമാണ് യുഎസ് ചെയ്യുന്നത്.
എന്താണ് ചാരബലൂണ്‍?
ഒരു നിശ്ചിത മേഖലയില്‍ കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന 'വെതര്‍ ബലൂണുകള്‍'ക്ക് സമാനമാണ് ചാരബലൂണുകളെങ്കിലും ഉപയോഗലക്ഷ്യം വേറെയാണ്. ഭൗമോപരിതലത്തില്‍ നിന്ന് 24,000-37,000 മീറ്റര്‍ ഉയരത്തിലാണ് ചാരബലൂണുകളുടെ സഞ്ചാരപാത. ചാരഉപഗ്രഹങ്ങളേക്കാള്‍ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ളവയാണ് ചാരബലൂണുകള്‍. കാരണം, ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമീപത്തുനിന്ന്, സൂക്ഷ്മമായാണ് ബലൂണുകളുടെ നിരീക്ഷണം. ബലൂണുകളുടെ നിയന്ത്രണം ഉപഗ്രഹങ്ങളേക്കാള്‍ ലളിതവുമാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ചാരബലൂണുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അതിനുശേഷം ചാലബലൂണുകള്‍ ഉപയോഗപ്പെടുത്തുന്ന 'പോജക്ട് ജെനിട്രിക്‌സ്' എന്ന പദ്ധതി പരമ്പര തന്നെ യുഎസ് സേന നടപ്പാക്കി. 1950-കളില്‍ സോവിയറ്റ് അതിര്‍ത്തിയില്‍ നിരിക്ഷണത്തിനായി യുഎസ് ബലൂണുകള്‍ ഉപയോഗപ്പെടുത്തിയതായി ഔദ്യോഗികരേഖകള്‍ വെളിപ്പെടുത്തുന്നു.
യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാരബലൂണ്‍ ചോര്‍ത്തുന്നതെന്താവാം?
അമേരിക്കയുടെ വാര്‍ത്താവിനിമയസംവിധാനങ്ങളും റഡാറുകളുമാണ് ബലൂണിന്റെ നിരീക്ഷണവലയത്തിലെന്ന് ഗ്രിഫിത്ത് ഏഷ്യ ഇന്‍സ്റ്റിട്യൂട്ട് ഇന്‍ ഓസ്‌ട്രേലിയയിലെ പീറ്റര്‍ ലേറ്റന്‍ സിഎന്‍എന്നിനോട് പ്രതികരിച്ചു. റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് ലേറ്റന്‍. ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഹ്രസ്വ പരിധിയുള്ള ഉയര്‍ന്ന ആവൃത്തി തരംഗങ്ങളാണ് ഉപയോഗിക്കുന്നത്.
മൊണ്ടാനയും സമീപമേഖലകളും സൈനികപ്രാധാന്യമുള്ള പ്രദേശങ്ങളാണ്. ബലൂണ്‍ ശേഖരിക്കുന്ന സിഗ്നലുകള്‍ സാറ്റലൈറ്റ് ലിങ്ക് വഴി അപ്പപ്പോള്‍ത്തന്നെ ചൈനയിലേക്ക് എത്തുന്നുണ്ടെന്നും ലേറ്റന്‍ പറയുന്നു. തങ്ങളുടെ സെല്‍ഫോണ്‍ ട്രാഫിക്കും റേഡിയോ ട്രാഫിക്കുമാണ് ചൈനീസ് ബലൂണ്‍ ലക്ഷ്യമിടുന്നതെന്ന് റിട്ടയേഡ് യുഎസ് എയര്‍ഫോഴ്‌സ് കേണല്‍ സെഡ്രിക് ലൈറ്റണ്‍ പറഞ്ഞു.
വിഷയത്തില്‍ ചൈനയുടെ പ്രതികരണം
യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ ചൈനയുടെ ബലൂണിനെ കാണാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ചൈനയുടെ ആദ്യപ്രതികരണം. സംശയാസ്പദമായ രീതിയില്‍ ചാരബലൂണ്‍ യുഎസിന്റെ ആകാശത്ത് കാണാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കിയതായി സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. .
ഒരു രാജ്യത്തിന്റേയും വ്യോമമേഖലയിലോ ഭൂപ്രദേശത്തോ കടന്നുകയറ്റം നടത്തുന്നതില്‍ ചൈനയ്ക്ക് താത്പര്യമില്ലെന്നും യുഎസുമായി ഈ വിഷയം സമാധാനപരമായി കൈകാര്യം ചെയ്യാനാണ് ചൈന ആഗ്രഹിക്കുന്നതെന്നും മാവോ നിങ് കൂട്ടിച്ചേര്‍ത്തു. വസ്തുതകള്‍ക്ക് വ്യക്തത വരുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാവോ ആവശ്യപ്പെട്ടു.
Content Highlights: Suspected Chinese spy balloon above the US
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..