ന്യൂയോര്‍ക്ക്: 73-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാകിസ്താനാണെന്ന് പറഞ്ഞ സുഷമ പാകിസ്താന്‍ തീവ്രവാദികളെ മഹത്വവത്കരിക്കുന്നുവെന്നും ആരോപിച്ചു. മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം.

പാകിസ്താനുമായുള്ള ചര്‍ച്ച ഇടയ്ക്കു നിന്നുപോയത് തീവ്രവാദത്തോടുള്ള പാകിസ്താന്റെ മനോഭാവത്തെ തുടര്‍ന്നാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമാണ് പാകിസ്താനുള്ളത്. 2001ല്‍ ന്യൂയോര്‍ക്കില്‍ ചെയ്തത് 2008ല്‍ മുംബൈയിലും നടപ്പാക്കി. അയല്‍പക്കത്തു നിന്നുകൊണ്ട് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്നു. സുഷമ പറഞ്ഞു. 

തീവ്രവാദത്തോടൊപ്പം കാലാവസ്ഥാ മാറ്റവും മാനവരാശി നേരിടുന്ന വലിയ ഭീഷണിയാണെന്ന് സുഷമ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും കൂടുതല്‍  ഇരകളാക്കപ്പെടുന്നത് വികസ്വര, അവികസിത രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളുടെ പ്രകൃതിയിലേക്കുള്ള അശാസ്ത്രീയ കടന്നുകയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി, ഇപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറാനാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ രാഷ്ട്രങ്ങള്‍ ചെറിയ രാജ്യങ്ങളെ സഹായിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു.  

സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് സുഷമ പറഞ്ഞു. മാറ്റങ്ങള്‍ ഇന്ന് തന്നെ നടപ്പാക്കേണ്ടതാണ്.  നാളേക്ക് വെച്ചാല്‍ ഒരുപക്ഷേ വൈകിയേക്കാമെന്നും സുഷമ പറഞ്ഞു. ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പ ദുരന്തത്തില്‍ അനുശോചനമറിയിച്ച വിദേശകാര്യ മന്ത്രി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. 

മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളേക്കറിച്ചും സുഷമ സമ്മേളനത്തില്‍ പറഞ്ഞു. ജന്‍ ധന്‍ യോജന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ്. 32 കോടിയിലേറെപ്പേര്‍ പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചു.  ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വഴി വര്‍ഷം 50 കോടിപ്പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുവെന്നും സുഷമ വ്യക്തമാക്കി. 

Content Highlights: Sushama Swaraj at UN 73rd General Assembly