ബ്രിട്ടനിലെ റെയിൽ സമരം | Photo - AFP
ലണ്ടന്‍: ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുകയറുന്നു. തൊഴിലവസരങ്ങളും വരുമാനവും കുറയുന്നു. ലോകത്ത് പല ഭാഗങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. ഈയാഴ്ചമാത്രം സമരവേദിയായ രാജ്യങ്ങളുടെ പട്ടിക പാകിസ്താന്‍, സിംബാബ്വേ, ബെല്‍ജിയം, ബ്രിട്ടന്‍, എക്വഡോര്‍, പെറു എന്നിങ്ങനെ നീളും. കോവിഡനന്തര സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് കരകയറാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് യുക്രൈനിലെ റഷ്യന്‍ അധിനിവേശം കനത്ത തിരിച്ചടിയായി. ലോകത്താകമാനം ദാരിദ്ര്യവും അസമത്വവും പെരുകുകയാണെന്നാണ് കണക്കുകള്‍.
1989-നുശേഷമുള്ള ഏറ്റവും വലിയ റെയില്‍ സമരത്തിനാണ് ബ്രിട്ടന്‍ സാക്ഷിയായത്. വിലക്കയറ്റം കണക്കിലെടുത്ത് വേതനവര്‍ധന വേണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് (ആര്‍.എം.ടി.) ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ലാറ്റിനമേരിക്കന്‍ രാജ്യമായ എക്വഡോറില്‍ തദ്ദേശീയരായ ജനങ്ങളുടെ സര്‍ക്കാര്‍വിരുദ്ധസമരം കലാപസമാനമായി. ജീവിതച്ചെലവ് കൂടുന്നതിനെതിരേ തുടങ്ങിയ പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇന്ധനവില കുറയ്ക്കുക, ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം, വളത്തിന് സബ്സിഡി തുടങ്ങി പത്തോളം ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്. സമരം ശക്തമായതോടെ ഇന്ധനവില കുറയ്ക്കുമെന്ന് പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ പ്രഖ്യാപിച്ചു.
ഇന്ധനവില കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പെറുവില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല.
വേതനവര്‍ധനയ്‌ക്കൊപ്പം ശമ്പളം യു.എസ്. ഡോളറില്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞയാഴ്ച സിംബാബ്വേയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിലേക്ക് നീങ്ങിയത്. ബെല്‍ജിയത്തിലെ തൊഴിലാളി സംഘടനകളുടെയും ആവശ്യം ശമ്പളവര്‍ധന തന്നെയായിരുന്നു. പാകിസ്താനിലും ശ്രീലങ്കയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരിനിന്ന് ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന സാഹചര്യംപോലുമുണ്ടായി.
ആഗോള പ്രതിസന്ധികള്‍ക്ക് പുറമേ, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പല രാജ്യങ്ങളിലും സാഹചര്യം മോശമാക്കി. മാന്ദ്യം ഒഴിവാക്കുന്നതിന് സാധാരണക്കാര്‍ക്ക് സഹായ പദ്ധതികള്‍ ഒരുക്കാനാണ് സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: price hike protests


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..