യുഎസ് വിമാനത്തിൽ കയറാനായി പരക്കം പായുന്ന ആളുകൾ, വിമാനത്തിനുള്ളിൽ നിന്നുള്ല ദൃശ്യം | Photo: AP, Defence One
കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ കൂട്ടപ്പലായനത്തിന്റെ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. പ്രാണരക്ഷാര്‍ഥം രാജ്യം വിട്ടുപോവാനായുള്ള ജനക്കൂട്ടത്തിന്റെ പരക്കം പായലിന്റെ നിരവധി കാഴ്ചകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. വിമാനത്തില്‍ തിങ്ങിക്കൂടിയ ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ || കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്. യാത്രക്കാരെ സുരക്ഷിതമായി കാബൂളില്‍ നിന്ന് ഒഴിപ്പിച്ചുവെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട യുഎസ് വിമാനങ്ങളിലെല്ലാം കയറാന്‍ ജനങ്ങള്‍ തിരക്കുകൂട്ടുകയായിരുന്നു. അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു ജനങ്ങള്‍. വിമാനത്തില്‍ കയറിപ്പറ്റാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.
എങ്ങനെയെങ്കിലും രക്ഷപ്പെടാനായി വിമാനം പൂര്‍ണമായും റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആളുകള്‍ പിന്നാലെ ഓടി വിമാനത്തില്‍ കയറാന്‍ പോലും ശ്രമിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പിന്നെ എങ്ങനെയെങ്കിലും കയറിപ്പറ്റാനായി തിരക്കുകൂട്ടല്‍. വിമാനത്തിന്റെ പുറംഭാഗങ്ങളില്‍ പോലും ആളുകള്‍ പിടിച്ചുനിന്നു. വിമാനത്തിന്റെ ചിറകില്‍ തൂങ്ങി യാത്ര ചെയ്ത മൂന്ന് പേര്‍ യാത്രയ്ക്കിടെ വീണുമരിച്ചു. അഭയം തേടി പലായനം ചെയ്യുന്ന അഫ്ഗാന്‍ ജനതയുടെ കാഴ്ചകള്‍ രാജ്യം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി ബാക്കിയാവുകയാണ്.
Content Highlights: Stunning visuals show 640 Afghans packed in US plane
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..