ബെയ്ജിങ്:  ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ച കലാകാരന്റെ സ്റ്റുഡിയോ ചൈനീസ് അധികൃതര്‍ തകര്‍ത്തു. ഐ വെയ്‌വെയ്യുടെ ബീജിങിലുള്ള സ്റ്റുഡിയോയാണ് അധികൃതര്‍ തകര്‍ത്തത്. സ്റ്റുഡിയോ തകര്‍ക്കുന്ന വീഡിയോ ശനിയാഴ്ച വെയ്‌വെയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ് വെയ് 2006 മുതല്‍ ഉപയോഗിച്ചു വരുന്ന സ്റ്റുഡിയോയാണ് തകര്‍ത്തത്. 

2011ല്‍ സമാന രീതിയില്‍ അദ്ദേഹത്തിന്റെ ഷാങ്ഹായിലുള്ള സ്റ്റുഡിയോ തകര്‍ത്തിരുന്നു. സ്റ്റുഡിയോ തകര്‍ക്കുന്നതിനു മുന്‍പ് തനിക്കോ അനുയായികള്‍ക്കോ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വെയ് വെയ് പറയുന്നു. 2008ല്‍ ചൈനയില്‍ നടന്ന ഒളിമ്പിക്‌സിന്റെ മുഖ്യവേദിയായിരുന്ന കിളിക്കൂട് സ്‌റ്റേഡിയം രൂപകല്‍പ്പന ചെയ്തത് ഐ വെയ്‌വെയ് ആയിരുന്നു. അന്ന് ചൈനീസ് അധികൃതര്‍ക്ക് പ്രിയങ്കരനായിരിരുന്നു ഇദ്ദേഹം. 

എന്നാല്‍ ഒളിമ്പിക്‌സിന് പിന്നാലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ ചൈനീസ് സര്‍ക്കാര്‍ വേണ്ട വിധം ഇടപെടാതിരുന്നപ്പോള്‍ വെയ് വെയ് ദുരിത ബാധിതര്‍ക്കു വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം ആക്ടിവിസ്റ്റും വിമതനുമായി മാറി. 

പിന്നാലെ 2011ല്‍ നിര്‍മിച്ച ഡോക്യുമെന്ററിയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ച വെയ്വെയ് പിന്നീട് സര്‍ക്കാരിന്റെ സ്ഥിരം നോട്ടപ്പുള്ളിയാവുകയായിരുന്നു. വര്‍ഷങ്ങളോളം ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ കണ്ടുകെട്ടിയിരുന്നു. 2015 ലാണ് പാസ്‌പോര്‍ട്ട് ഇദ്ദേഹത്തിന് തിരികെ നല്‍കുന്നത്. തുടര്‍ന്ന് രാജ്യം വിട്ട വെയ് വെയ് ഇപ്പോള്‍ ജര്‍മനിയില്‍ അഭയം തേടിയിരിക്കുകയാണ്. സ്റ്റുഡിയോ തകര്‍ത്തതിനെതിരേ ധാരാളം പേര്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

 

My Beijing studio since 2006.

A post shared by Ai Weiwei (@aiww) on