മനില: കൊറോണ ഭീതിക്കിടെ ഫിലിപ്പീന്‍സിലെ മനിലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കയാത്രയ്ക്കുള്ള എയര്‍ ഏഷ്യ വിമാനം റദ്ദാക്കിയതോടെ ബോര്‍ഡിങ് പാസ്സ് തിരികെ വാങ്ങി വിദ്യാര്‍ഥികളെ വിമാനത്താവളത്തിന് പുറത്താക്കി. വിദ്യാര്‍ഥികളുടെ പ്രതിഷേധം വകവയ്ക്കാതെയായിരുന്നു പോലീസ് നടപടി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളടക്കം നൂറിലധികം വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് വിദ്യാര്‍ഥികളെ സെക്യൂരിറ്റി ജീവനക്കാരും പോലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച് വിമാനത്താവളത്തിന് പുറത്താക്കിയത്. ഭക്ഷണം പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ എവിടെപ്പോകണമെന്നറിയാതെ പ്രയാസപ്പെടുകയാണെന്ന് അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

വിദേശകാര്യ മന്ത്രാലയത്തിന്റെ അടക്കം ഇടപെടല്‍ ഉണ്ടായിട്ടും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്ത്യന്‍ എംബസി വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥികളെ തിരികെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് വിവരം. എന്നാല്‍ തിരികെ വരാനുള്ള വിമാനം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് ഫിലിപ്പീന്‍സില്‍നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ രാജ്യത്തുനിന്ന് പുറത്തു പോകേണ്ടവര്‍ക്ക് 72 മണിക്കൂര്‍ സമയം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ സമയത്ത് തിരികെ വരാന്‍ ടിക്കറ്റെടുത്തവരായിരുന്നു വിദ്യാര്‍ഥികള്‍. എന്നാല്‍ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് തിരികെ വരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായത്.

Content Highlights: Students are stranded at the airport in the Philippines