ഹിജാബ് പ്രതിഷേധത്തില്‍ കത്തുന്ന ഇറാന്‍; മോറല്‍ പോലീസിനെതിരെ രോഷം, പൊലിഞ്ഞത് നിരവധി ജീവനുകള്‍


സ്വന്തം ലേഖിക

കൂടുതൽ തലമുടി പുറത്തുകണ്ടാലോ വസ്ത്രത്തിന്റെ ഇറക്കവും അയവും കുറഞ്ഞാലോ മേക്കപ്പ് കൂടുതലായാലോ സ്ത്രീകളെ തടഞ്ഞുനിർത്താൻ മോറല്‍ പോലീസിന്‌ അധികാരമുണ്ട്. നിയമലംഘകർക്ക് പിഴ, തടവ്, ചാട്ടയടി എന്നീ ശിക്ഷകളിലേതെങ്കിലും കിട്ടും.

ഇറാനിലെ പ്രതിഷേധങ്ങളിൽ നിന്നുള്ള ദൃശ്യം | Photo: AFP

സ്ര പനാഹി.. ശിരോവസ്ത്ര നിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഇറാനില്‍ സുരക്ഷാസേനയുടെ നായാട്ടിനിരയായി ജീവന്‍വെടിഞ്ഞ പതിനഞ്ചുകാരി. രണ്ടാഴ്ചയ്ക്ക് മുന്‍പ് ഷാഹെദ് ഹൈസ്‌കൂളില്‍ സുരക്ഷാസേന റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം. അസ്രയും സംഘവും വിവേചനത്തിനും അസമത്വത്തിനും എതിരേ മുദ്രാവാക്യം വിളികളുമായാണ് സേനയെ നേരിട്ടത്. എന്നാല്‍ ക്ലാസ് മുറിയിലെത്തിയ പോലീസ് നിര്‍ദാക്ഷിണ്യം വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ അസ്ര ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അവള്‍ മരണപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തെ സ്തുതിക്കാത്തതിനെ തുടര്‍ന്നാണ് അസ്രയേയും കൂട്ടുകാരേയും പോലീസ് മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അസ്രയുടേത് ആത്മഹത്യയാണെന്നാണ് പാര്‍ലമെന്റ് പ്രതിനിധി കാസിം മൗസവി പറയുന്നത്. അര്‍ബാദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് കാസിം. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് സ്‌റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ടുചെയ്തു. വിദ്യാര്‍ഥികളെ ക്ലാസ്സില്‍കയറി ക്രൂരമായി മര്‍ദിച്ചുവെന്ന് അധ്യാപക സംഘടന പറയുമ്പോഴും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പോലീസും സര്‍ക്കാരും ആവര്‍ത്തിക്കുന്നത്.

ശിരോവസ്ത്ര നിയമത്തിനെതിരേ ഇറാനില്‍ ഒരു മാസത്തിലേറെയായി ശക്തമായ പ്രക്ഷോഭം തുടരുകയാണ്. സ്ത്രീകളും പെണ്‍കുട്ടികളും പലയിടത്തും ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിക്കുന്നു. പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു.

സുരക്ഷാസേനയുടെ മര്‍ദനത്തില്‍ ഒരു മാസത്തിനിടെ രണ്ട് ഡസനിലേറെ വിദ്യാര്‍ഥിനികള്‍ മരണപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കവേ അബ്ദൊള്‍ഫാസില്‍ അദ്നിസാദ എന്ന 17-കാരനെ സുരക്ഷാസേന വെടിവെച്ചുകൊന്നെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം ഭരണകൂട പ്രതിനിധികള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.

സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ടുകള്‍ അസ്രയുടെ അടുത്ത ബന്ധുവുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നത് പെണ്‍കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് അസ്ര മരിച്ചതെന്നുമാണ്. ഹിജാബ് പ്രതിഷേധത്തിനിടെ മരണപ്പെട്ട നിക ശകരാമിയുടേയും സറീന ഇസ്മയില്‍സദയുടേയും ബന്ധുക്കള്‍ സമാനമായ പ്രതികരണമാണ് ടി.വി ചാനലിന് നല്‍കിയത്. സുരക്ഷാജീവനക്കാരല്ല മരണത്തിന് കാരണമെന്നാണ് ഇവരും ആവര്‍ത്തിച്ചത്. ! അതേസമയം സത്യമെന്താണെന്ന് ലോകത്തിനറിയാമെന്നാണ് ഈ പ്രതികരണങ്ങളെ കുറിച്ച് ഇറാനിലെ മുന്‍ ഫുട്‌ബോള്‍ താരമായ അലി ദേയി പറഞ്ഞത്.

ശിരോവസ്ത്ര നിയമലംഘനത്തെ തുടര്‍ന്ന് മോറല്‍ പോലീസ്(ഗൈഡന്‍സ് പട്രോള്‍) കസ്റ്റഡിയിലെടുത്ത മാഹ്‌സ അമിനി എന്ന 22 വയസ്സുകാരിയുടെ കസ്റ്റഡി മരണമാണ് ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെപ്തംബര്‍ 13നായിരുന്നു സംഭവം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് പുതിയ കാര്യമല്ല. 1979-ലെ ഇസ്‌ലാമികവിപ്ലവത്തിനുശേഷം സ്ത്രീകൾക്ക് പ്രത്യേക വസ്ത്രധാരണനിയമമുണ്ട് ഇറാനിൽ. അതനുസരിച്ച് ഒമ്പതുവയസ്സുകഴിഞ്ഞ പെൺകുട്ടികളും എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് തലയും കഴുത്തും ചുമലും മറയ്ക്കുന്ന വസ്ത്രമണിയണം. തലമുടി പുറത്തുകാണരുത്. അയഞ്ഞവസ്ത്രമേ ധരിക്കാവൂ. പാന്റിന്റെ ടോപ്പ് മുട്ടിനുതാഴെ നിൽക്കണം. ഇത്തരത്തിൽ വസ്ത്രംധരിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കുകയാണ് ­സദാചാരപ്പോലീസിന്റെ ജോലി. കൂടുതൽ തലമുടി പുറത്തുകണ്ടാലോ വസ്ത്രത്തിന്റെ ഇറക്കവും അയവും കുറഞ്ഞാലോ മേക്കപ്പ് കൂടുതലായാലോ സ്ത്രീകളെ തടഞ്ഞുനിർത്താൻ ഇവർക്ക് അധികാരമുണ്ട്. നിയമലംഘകർക്ക് പിഴ, തടവ്, ചാട്ടയടി എന്നീ ശിക്ഷകളിലേതെങ്കിലും കിട്ടും. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത മഹ്സ മരിച്ചതോടെയാണ് പ്രതിഷേധം അണപൊട്ടിയത്.

മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി സ്ത്രീകളും വിദ്യാര്‍ഥിനികളും രംഗത്തിറങ്ങി. ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിച്ചു. പ്രതിരോധവുമായി സര്‍ക്കാരും രംഗത്തിറങ്ങി. നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി തുടര്‍ന്നു. ഇറാനിലെ സംഭവങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. 23 വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിനിടെ സുരക്ഷാസേനയുടെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് സഭയുടെ വക്താവ് പ്രതികരിച്ചത്. ഇത് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണെന്നും യു.എന്‍ വക്താവ് രവീണ ഷംദസാനി പറഞ്ഞു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 40ഓളം പേര്‍ മരിച്ചതായി നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അമ്പതോളം പേരുടെ കണക്കുകള്‍ ബിബിസിയും പുറത്തുവിട്ടിട്ടുണ്ട്.

നിക ഷകരാമി(16), സറിന ഇസ്‌മെയില്‍സാദെ(16), മഹ്‌സ മൗഗൗയി(18), ഹന്നാനെ കിയ(22), ഹാദിസ് നജാഫി(23), ഗസലെ ചെലാബി(33), മിനൂ മജീദി(62) മുഹമ്മദ് രക്ഷാനി(12), ഒമിദ് സറാനി(13), സോദെയ്‌സ് കെഷാനി(14), അലി ബറാഹൂയ്(14)ആമിര്‍ഹുസൈന്‍ ബസ്(15), മുഹമ്മദ് ഇഗ്ബാല്‍(16), സക്കറിയ ഖിയാല്‍(16), സമിര്‍ ഹഷ്‌മേഷി(16) ഒമിദ് സഫര്‍സെഹി(17),മെഹ്ദി അസ്ഗരി, പെഡ്രാം അസര്‍നൗഷ്, സിയാവാഷ് മഹാമൗദി,അബ്ദുള്ള മഹ്‌മൗദ്പൗര്‍.... സുരക്ഷാസേനയുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ പട്ടിക നീളുകയാണ്. എന്നാല്‍ മരണത്തിന്റേയോ മര്‍ദനത്തിന്റേയോ ഉത്തരവാദിത്തമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് അബ്ദൊള്‍ഫാസില്‍ അദ്നിസാദ എന്ന പതിനേഴുകാരന്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ എട്ടിനായിരുന്നു സംഭവം. വെടിവെപ്പില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ സ്‌കൂളിലേക്ക് പോയ അദ്നിസാദയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് മരണവിവരം അറിഞ്ഞത്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.

ഇറാനിലെ നൂറിലേറെ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. വനിതകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ രംഗത്തിറങ്ങിയതെങ്കിലും പിന്നീട് വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം ആയിരക്കണക്കിന് പേര്‍ പ്രതിഷേധമേറ്റെടുക്കുകയായിരുന്നു. എതിര്‍പ്പുകള്‍ കനത്തതോടെ രാജ്യത്തെ എല്ലാം നിയന്ത്രിക്കുന്ന പരമോന്നത നേതൃത്വത്തിന്റെ അടിത്തറതന്നെ ഉരുകിത്തുടങ്ങി. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാന്‍ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. എതിര്‍പ്പുകള്‍ക്ക് പോലും ഇടം നല്‍കാതെ അടക്കിഭരിച്ചിരുന്ന സര്‍ക്കാരിനെപ്പോലും നിയന്ത്രിക്കുന്ന പരമോന്നത നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കാലങ്ങളായുള്ള അസ്വസ്ഥകള്‍ അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് ഇറാന്‍ നല്‍കുന്നത്.

ഹിജാബിന്റെ പേരില്‍ ഇനിയൊരു മഹ്‌സ അമിനിയും ഇറാനില്‍ ഉണ്ടാവരുതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയോടുള്ള രോഷം പ്രക്ഷോഭകരുടെ മുദ്രാവാക്യത്തില്‍നിന്ന് വ്യക്തമാണ്. 'സ്വേച്ഛാധിപതിക്ക് മരണം' എന്നാക്രോശിച്ചാണ് പ്രതിഷേധവുമായവര്‍ മുന്നോട്ടുപോവുന്നത്. അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുമായി സര്‍ക്കാരും നേര്‍ക്കുനേര്‍ തന്നെ.

Content Highlights: Student dies after being beaten up by security forces in Iran, Iran Protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented