പദ്മ പാലം| ഫോട്ടോ| youtube screengrab
ധാക്ക: ശനിയാഴ്ച തുറന്നുകൊടുത്ത പദ്മ പാലം ബംഗ്ലാദേശിന് വെറും ഒരു പാലമല്ല. ആ രാജ്യത്തിന്റെ വികസന യാത്രയുടെ അടയാളം കൂടിയാണ്. പട്ടിണിയുടേയും തീവ്രവാദി ആക്രമണങ്ങളുടെയും ഇന്നലകളെ മറന്ന് വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകം. പദ്മ നദിക്ക് കുറുകെ 6.15 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് വര്‍ഷം കൊണ്ടാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താഴെ റെയില്‍വെ പാതയും അതിന് മുകളില്‍ നാല് വരി പാതയും അടങ്ങുന്നതാണ് പാലം.
ലോക ബാങ്കും സഹായം വാഗ്ദാനം ചെയ്ത മറ്റ് വിദേശ ഏജന്‍സികളും കൈവിട്ടപ്പോഴും ഉപേക്ഷിക്കാതെ സ്വന്തം പണം ഉപയോഗിച്ചാണ് ബംഗ്ലാദേശ് ഈ പാലം പൂര്‍ത്തിയാക്കിയത്. 30,000 കോടി രൂപയാണ് നിര്‍മ്മാണത്തിന് ചെലവായത്. പ്രധാന പാലത്തിന് 6.15 കിലോമീറ്റര്‍ ആണ് നീളമെങ്കിലും കരയിലൂടെയുള്ള ഭാഗവും കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നീളം 10.642 കിലോമീറ്റര്‍ ഉണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ കണക്കില്‍ 122 ാം സ്ഥാനത്താണ് ഈ പാലം.
42 പില്ലറുകളാണ് ആകെയുള്ളത്. രണ്ട് പില്ലറുകള്‍ തമ്മിലുള്ള അകലം 150 മീറ്റര്‍. 1998 സപ്തംബറില്‍ 3843 കോടി ബംഗ്ലാദേശ് ടാക്ക ചെലവിട്ട് വിഭാവനം ചെയ്ത പാലമാണിത്. രാജ്യത്തെ ഓരോ പൗരനും സംഭാവനയായി പത്ത് ടാക്ക (8.4 രൂപ) വരെ പാലം ഫണ്ടിലേക്ക് സംഭാവന നൽകി.
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതി
2012 ല്‍ ലോക ബാങ്ക് 120 കോടി ഡോളര്‍ വായ്പ ഇതിന് വാഗ്ദാനം ചെയ്തതു. എന്നാല്‍ ഇതില്‍ കൈക്കൂലിയും അഴിമതിയും ഉന്നയിക്കപ്പെട്ടു. അതോടെ അവര്‍ പിന്‍വാങ്ങി. പിന്നാലെ സഹായം വാഗ്ദാനം ചെയ്ത എഡിബിയും ജൈക്കയും പിന്മാറി. ആര് സഹായിച്ചില്ലെങ്കിലും സര്‍ക്കാര്‍ ഇത് പണിയുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന പ്രഖ്യാപിച്ചു. വമ്പന്‍ പദ്ധതികള്‍ ചെയ്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത രാജ്യം എങ്ങനെ ഇത് ചെയ്യുമെന്ന് അന്ന് പലരും പരിഹസിച്ചു. രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍ റഹ്മാന് ആത്മാഭിമാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പഠിപ്പിച്ചതാണ് പാലം ഉദ്ഘാടനം ചെയ്യവേ ശൈഖ് ഹസീന അതിന് മറുപടിയായി ഓര്‍മ്മിപ്പിച്ചത്.
ബംഗ്ലാദേശിന്റെ 21 വര്‍ഷമായുള്ള ഒരു സ്വപ്നമാണ് സഫലമായത്. കൃത്യമായി പറഞ്ഞാല്‍ ശൈഖ് ഹസീന പ്രധാനമന്ത്രി പദത്തില്‍ ആദ്യ ടേം പൂര്‍ത്തിയാക്കി അവസാന ദിവസങ്ങളില്‍ 2001 ജൂലായ് നാലിനാണ് ശിലപാകിയത്. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയത് 2018 ലാണ്. 2021 ഡിസംബറില്‍ അവസാന സ്പാനിന്റെ പണിയും പൂര്‍ത്തിയായി. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലുള്ള 21 ജില്ലകളെ തലസ്ഥാനമായ ധാക്കയെ ബന്ധിപ്പിക്കുന്നതാണ് പാലം.
തെക്ക്-പടിഞ്ഞാറൻ ജില്ലകളിൽ നിന്ന് ധാക്കയിലേക്കെത്താൻ 180 മുതൽ 300 കിലോമീറ്റർ വരെ യാത്ര വേണം. പലയിടങ്ങളിലും ചെറുബോട്ടുകളിലും മറ്റും നദി കടന്നു വേണം സഞ്ചരിക്കാൻ. അതിനാൽ, ഇത്രയും യാത്രയ്ക്ക് 15 മുതൽ 22 മണിക്കൂർ വരെ വേണ്ടിവരും. പദ്മ പാലം വന്നതോടെ വലിയ സമയലാഭവും സൗകര്യവുമാണ് ഉണ്ടാവുക.
1200 ബംഗ്ലാദേശി എഞ്ചിനീയര്‍മാരുടെ പിന്തുണയോടെ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റെയില്‍വെ മേജര്‍ ബ്രിഡ്ജ് എഞ്ചിനീയറിങ് ഗ്രൂപ്പ് ആണ് നിര്‍മ്മാണ മേല്‍നോട്ടം നടത്തിയത്. നദിയുടെ അടിത്തട്ടില്‍ 300 അടി താഴ്ചയില്‍ വരെ സ്റ്റീല്‍ പൈലുകളിലാണ് പാലത്തിന്റെ ഉറപ്പ്. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദി കഴിഞ്ഞാല്‍ ലോകത്ത് തന്നെ ഏറ്റവും ശക്തമായ ഒഴുക്കുള്ള നദിയാണ് പദ്മയെന്നും പ്രവചിക്കാനാകാത്ത രീതിയിലാണ് ചിലപ്പോള്‍ ഒഴുക്കെന്നും പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ പറയുന്നു.
മോഡേണ്‍ ഫ്രിക്ഷന്‍ പെന്‍ഡുലം ബെയറിങ്സ് അടിത്തറയ്ക്ക് താങ്ങായി ഉപയോഗിച്ചിട്ടുണ്ട്. അതായത് റിക്ടര്‍ സ്കെയിലില്‍ 9 രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാലും അതിനെ അതിജീവിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ലോകത്ത് ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും. പാലത്തിന്റെ ബെയറിങ്ങ്സിന് 10,000 ടണ്ണിലധികം താങ്ങാനും കഴിയും. 24,0000 വാഹനങ്ങള്‍ എല്ലാദിവസവും പാലം കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് മാത്രമല്ല തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ജിഡിപി ഇതിലൂടെ മാത്രം 2.5 ശതമാനം വളര്ച്ചുണ്ടാവുമെന്നാണ് അനുമാനം. രാജ്യത്തിന്റെ മൊത്തം ജിഡിപിയില്‍ 1.23 ശതമാനത്തിന്റെ വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലും ഈ പാലത്തിന് ഏറെ പ്രാധാന്യമുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്കുള്ള യാത്രയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂര്‍ സമയമെങ്കിലും ലാഭിക്കാം. അതോടൊപ്പം പദ്മ സേതുവില്‍ നിന്ന് 159 കിലോമീറ്റര്‍ അകലെ അകൗറ-അഗര്‍ത്തല റെയില്‍വേ പാതയിലേക്കും ബന്ധിപ്പിക്കാം,
അഴിമതി ആരോപണം വരെ ഉയര്ന്നസമയത്തും ഇന്ത്യ ഹസീനയ്ക്കൊപ്പം നിന്നു. പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമാണ് പാലമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു.
.jpg?$p=8b03612&w=610&q=0.8)
അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് ഇതിനോടിടയ്ക്ക് കാനഡ കോടതി വിധിയെഴുതി. എസ്എന്‍സി ലാവനിലായിരുന്നു സംശയമുനയില്‍. അവരാണ് നിര്‍മ്മാണം ആദ്യം ഏറ്റെടുത്തത്. അവര്‍ക്ക് കരാര്‍ നല്‍കിയതില്‍ ഭരണകക്ഷിയായ അവാമി ലീഗിലെ ചില നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും കോഴ ലഭിച്ചുവെന്നായിരുന്നു ആരോപണം.
പദ്മ പാലത്തിന് പിന്നാലെ മെട്രോ റെയിലും രാജ്യത്തെ ഏറ്റവും വലിയ ടണലും പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഈ വര്‍ഷം രണ്ടും തുറന്നുകൊടുക്കും. പട്ടിണിരാജ്യത്തില് നിന്ന് വികസ്വര രാജ്യമായി മാറാനും 2040 ഓടെ വികസിത രാജ്യമാകാനും മോഹിക്കുന്ന ബംഗ്ലാദേശിന് പദ്മ പാലം വെറും ഒരു പാലമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..