കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിച്ച പുതിയ വി.സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലൊന്നായ കാബൂള്‍ യൂണിവേഴ്‌സിറ്റിയിലാണ് താലിബാന്‍ സര്‍ക്കാര്‍ നിലവിലെ വി.സിയെ മാറ്റി തങ്ങളുടെ അനുഭാവിയായ മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിനെ നിയമിച്ചത്. എന്നാല്‍ കാബൂള്‍ യൂണിവേഴ്‌സിറ്റി പോലൊരു ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വൈസ് ചാന്‍സിലറായി ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്തയാളാണ് മുഹമ്മദ് അഷ്‌റഫ് ഗൈറാത്തെന്ന് ആരോപിച്ച് പ്രൊഫസര്‍മാരുള്‍പ്പടെ 70ഓളം അധ്യാപകര്‍ രാജി സമര്‍പ്പിച്ചതായാണ് വിവരം.

താലിബാന്‍ സര്‍ക്കാര്‍ വി.സിയായി നിയമിച്ച മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിന് കേവലം ബി.എ ബിരുദം മാത്രമാണ് യോഗ്യതായി ഉള്ളതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറിയപ്പെടുന്ന പണ്ഡിതനും പി.എച്ച്ഡി യോഗ്യതയുള്ള മുഹമ്മദ് ഒസ്മാന്‍ ബാബുരിയെ മാറ്റിയാണ് താലിബാന്‍ ഇദ്ദേഹത്തെ നിയമിച്ചത്. രാജ്യത്ത് നേരത്തെ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സര്‍വകലാശാല അസസ്‌മെന്റ് സമിതി അധ്യക്ഷന്‍ ആയിരുന്നു ഗൈറാത്ത്.

സാമൂഹിക മാധ്യമങ്ങളിലും കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ വി.സി നിയമനം വലിയ വിവാദങ്ങള്‍ക്ക് കാരണമായി. നേരത്തെ രാജ്യത്ത് നടന്ന മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിച്ച് കൊണ്ട് ഗൈറാത്ത് ചെയ്ത ട്വീറ്റുകള്‍ പലരും റീട്വീറ്റ് ചെ്തു. വിഷയത്തില്‍ പ്രതികരിച്ച് അഷ്‌റഫ് ഗൈറാത്തും നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. വിമര്‍ശകര്‍ തന്റെ അക്കാദമിക് യോഗ്യതകള്‍ പരിശോധിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

വലിയ അക്കാദമിക്ക് പരിചയമുള്ള ഒസ്മാന്‍ ബാബുരിയെ മാറ്റി കൃത്യമായ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തയാളെ നിയമിച്ചതില്‍ അഫ്ഗാനിലെ അക്കാദമിക് സമൂഹവും എഴുത്തുകാരും പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ആയാണ് നിയമിച്ചത് എന്നും ഏത് സമയത്തും ഇക്കാര്യത്തില്‍ മാറ്റം വരാമെന്നും കാബൂള്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു.

Storm over appointment of Ashraf Ghairat as Kabul University's V-C