ന്യൂഡല്‍ഹി: താലിബാന്‍ സര്‍ക്കാരിന്റെ പേരില്‍ തിരച്ചിലുകള്‍ നടത്താനെന്ന വ്യാജേന പൊതുജനങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറുന്നത് ഒഴിവാക്കണമെന്ന് അഫ്ഗാന്‍ ഇടക്കാല പ്രധാനമന്ത്രി മുല്ല ഹസന്‍ അഖുന്ദ് താലിബാനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഓഫീസിന്റെ ചുമതല ഏറ്റെടുത്ത ശേഷമുള്ള മുല്ല ഹസന്‍ അഖുന്ദിന്റെ ആദ്യ ഉത്തരവായിരുന്നു ഇത്.

അഫ്ഗാനിസ്താനില്‍ ഭരണം തുടങ്ങിയ താലിബാന്‍ സര്‍ക്കാരിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ പൊതുജനങ്ങളുടെ വീടുകളില്‍ അതിക്രമിച്ചുകയറുകയും വാഹനങ്ങള്‍ കടത്തുകയും വസ്തുവകകള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കാബൂളിലെ അഭയാര്‍ഥി മന്ത്രാലയത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പരാതി കമ്മീഷനില്‍ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ എത്തിയതോടെയാണ് പ്രധാനമന്ത്രി ഉത്തരവിറക്കിയത്.

രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശത്ത് ഒരു തിരച്ചില്‍ ആവശ്യമാണെങ്കില്‍ അതിന് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും പ്രാദേശിക മാനദണ്ഡങ്ങളെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. അനുമതി ഇല്ലാതെ തിരച്ചിലുകള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഓഫീസ് വ്യക്തമാക്കി.

സൈനിക ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വകാര്യ വീടുകള്‍ ഉപേക്ഷിച്ച് സൈനിക താവളങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവില്‍ പറയുന്നു. താലിബാന്‍ രാജ്യം ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രാലയങ്ങളിലെ ചില ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്നുതന്നെ ജോലിചെയ്ത് വരികയായിരുന്നു.

Content Highlights: Stop entering homes, grabbing properties, vehicles says taliban prime minister to their soldiers