2001 ജനവരി 17- ന്യൂഡല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയം -രണ്ടായിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് തിങ്ങിനിറഞ്ഞു നിന്നിരുന്നത്. പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രഭാഷണമാണ് അവിടെ നടക്കുന്നത്.
അതൊരു ഹരംപിടിപ്പിക്കുന്ന അനുഭവമായിരുന്നു. തികച്ചും ദുര്‍ഗ്രഹവുമായിരുന്നു. ഇത്രയധികം ആളുകള്‍, അവര്‍ക്കു മനസ്സിലാകാത്ത ഒരു പ്രഭാഷണം ആസ്വദിക്കുന്നത് വിരോധാഭാസമായി തോന്നാം. ആ വിജയത്തിന്റെ രഹസ്യം അതു ഹോക്കിങ്ങ് ആണ് എന്നതു മാത്രമാണ്. സൂപ്പര്‍ സ്റ്റാര്‍ ശാസ്ത്രജ്ഞനാണ് മുന്നില്‍!
ആളുകള്‍ അദ്ദേഹത്തെ നോക്കുമ്പോള്‍, അവരിലുണരുന്ന വികാരം സഹാനുഭൂതിയല്ല, ഭക്തി കലര്‍ന്ന അത്ഭുതവും ആരാധനയുമാണ്. കൃത്രിമ ശബ്ദോല്‍പ്പാദന യന്ത്രത്തിലൂടെ മാത്രം സംസാരിക്കാന്‍ കഴിയുന്ന, വീല്‍ ചെയറില്‍ ചുരുണ്ടുകൂടിയിരിക്കുന്ന ഒരു മനുഷ്യന്‍. എങ്ങിനെയാവാം അദ്ദേഹം ഇങ്ങിനെ അതിഭീമമായ ആദരവ് പിടിച്ചു പറ്റുന്നത്? തമോഗര്‍ത്തങ്ങളുടെ അവസ്ഥയെയും പ്രപഞ്ചത്തിന്റെ ഘടനയെയും പ്രപഞ്ച നാടകത്തില്‍ കാലത്തിന്റെ പങ്കിനെയും കുറിച്ച് വിശദീകരിക്കുന്ന സൂത്രവാക്യങ്ങളോട് മല്ലിടാനുള്ള അദ്ദേഹത്തിന്റെ ധൈഷണിക ശക്തിതന്നെയാണ് അതിനു കാരണം.
കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ച ഹോക്കിങ് സ്വാഭാവികമായും അന്ന് ദുഃഖിതനായിരുന്നെങ്കിലും സ്വയം സഹതാപത്തില്‍ മുഴുകിയില്ല. അദ്ദേഹം വിവാഹിതനായി, മൂന്ന് മക്കളെ വളര്‍ത്തി, തന്റെ അധ്യാപകനായ റോജര്‍ പെന്റോസുമായി ചേര്‍ന്ന് തമോഗര്‍ത്തങ്ങളെപ്പറ്റി ഉജ്ജ്വലമായ ചില ഗവേഷണങ്ങളും നടത്തി. തമോഗര്‍ത്തങ്ങള്‍ നിതാന്തങ്ങളല്ലെന്ന ഞെട്ടിക്കുന്ന പ്രവചനം അദ്ദേഹം നടത്തി. ഇതുമാത്രം മതിയായിരുന്നു അദ്ദേഹത്തിനു അതി പ്രശസ്തരുടെ നിരയില്‍ സ്ഥാനം ലഭിക്കാന്‍.
ഈ ഉജ്ജ്വല ശാസ്ത്രജ്ഞനെ സൂപ്പര്‍ സ്റ്റാറാക്കിയത് 'ദി ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ലഘു ചരിത്രം) എന്ന കൃതിയാണ്. 1988-ല്‍ 'ബാന്‍ഡം ബുക്സ്' പ്രസിദ്ധീകരിച ഈ പുസ്തകം ഇതിനകം ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞു. നാലു വര്‍ഷക്കാലം 'ബെസ്റ്റ് സെല്ലര്‍' പട്ടികയില്‍ തുടര്‍ന്ന ഈ പുസ്തകം നാല്പതു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരു മതഗ്രന്ഥം പോലെ പ്രാമാണികമായിത്തീര്‍ന്നു. അങ്ങനെ ഹോക്കിങ്ങിന് പ്രശസ്തനാകാതെ നിവൃത്തിയില്ലാതായി. സ്വന്തം ചികിത്സാവശ്യങ്ങള്‍ക്കായി പണം ഉണ്ടാക്കുക എന്ന ലളിതമായ ഉദ്ദേശത്തോടെയാണ് ആ പുസ്തകം എഴുതപ്പെട്ടത്. പുസ്തകത്തിലുപയോഗിക്കുന്ന ഓരോ ശാസ്ത്ര സൂത്രവാക്യവും വില്പനയെ പകുതികണ്ട് കുറയ്ക്കുമെന്ന് പ്രസാധകര്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്കി. അങ്ങനെ ഹോക്കിങ് മിക്ക ഗണിത സമവാക്യങ്ങളും ഉപേക്ഷിച്ചു. ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ ഒരെണ്ണമൊഴികെ..
ഹോക്കിങ്ങിനെപ്പോലെ അദ്ദേഹത്തിന്റെ പുസ്തകവും ഒരു പ്രഹേളികയാണ്. ലക്ഷക്കണക്കിനു പേര്‍ അതു വാങ്ങിച്ചെങ്കിലും അതു വായിച്ചവര്‍ വിരളം. സാങ്കേതിക ഭാഷയും ഗണിതശാസ്ത്രവും ഉപേക്ഷിച്ചെങ്കിലും ആ പുസ്തകം ഇപ്പോഴും അമൂര്‍ത്തവും വായനയ്ക്ക് ദുഷ്‌കരവുമായും തുടരുന്നു. സത്യത്തില്‍, 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' വാങ്ങുക എന്നത് ഒരു ഫാഷന്‍ ആയിരുന്നു.
'സെന്റര്‍ ഫോര്‍ ഫിലോസഫി ആന്‍ഡ് ഫൗണ്ടേഷന്‍സ് ഓഫ് സയന്‍സ്' സംഘടിപ്പിച്ച 'ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലക്ചര്‍ 2001' കേള്‍ക്കാന്‍ ന്യൂ ഡല്‍ഹിയില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതില്‍ അപ്പോള്‍ അദ്ഭുതമൊന്നുമില്ല. സെന്ററിന്റെ പ്രസിഡണ്ടും പ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനാണ്. ടെക്സാസിലെ ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന ഇ.സി.ജി. സുദര്‍ശന്‍. ഹോക്കിങ്ങിന്റെ പ്രഭാഷണവിഷയം 'ഭാവിയെ പ്രവചിക്കല്‍ -ജ്യോതിഷം മുതല്‍ തമോഗര്‍ത്തം വരെ' എന്നതായിരുന്നു.
ഹോക്കിങ്ങിന്റെ ജ്യോതിഷവിമര്‍ശനം ജ്യോതിഷ വിശ്വാസം അന്ധവിശ്വാസമാണെന്നു കരുതുന്ന സാധാരണ ശാസ്ത്രജ്ഞരുടെ വിമര്‍ശനത്തേക്കാള്‍ സൂക്ഷ്മവും യുക്തിപരവും ആയിരുന്നു. ജ്യോതിഷവും ഭൗതികശാസ്ത്രവും നിര്‍ണയാത്മകമാണെന്ന് ഹോക്കിങ്ങ് കാട്ടിത്തന്നു. പക്ഷേ, ജ്യോതിഷപ്രവചനങ്ങള്‍ ഭൗതികശാസ്ത്രത്തിന്റെ അറിയപ്പെടുന്ന നിയമങ്ങളുമായി ചേര്‍ന്നു പോകുന്നില്ല എന്നദ്ദേഹം വിശദീകരിച്ചു.
ജ്യോതിഷത്തെ തിരസ്‌കരിക്കുന്നതിനു കാരണം അതിനുശേഷം അദ്ദേഹം വിശദീകരിക്കുന്നു: ''മിക്ക ശാസ്ത്രജ്ഞരും ജ്യോതിഷത്തില്‍ വിശ്വസിക്കാത്തതിന്റെ യഥാര്‍ഥ കാരണം ശാസ്ത്രീയമായ തെളിവോ അതില്ലായ്മയോ അല്ല; പക്ഷേ, പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ട മറ്റു സിദ്ധാന്തങ്ങളുമായി ഒത്തുപോകാത്തതു മൂലമാണ്. ജ്യോതിഷത്തിനുള്ളതിലും കുറഞ്ഞ പരീക്ഷണത്തെളിവുകള്‍ മാത്രമേ സ്ട്രിങ് സിദ്ധാന്തത്തിനുള്ളൂ. എന്നിട്ടും ഞങ്ങളതില്‍ വിശ്വസിക്കുന്നു; കാരണം അത് തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളുമായി ഒത്തുപോകുന്നുണ്ട്.''
തന്റെ പ്രഭാഷണത്തില്‍ ഹോക്കിങ് ഭൗതികശാസ്ത്രം ഭരിക്കുന്നത് നിര്‍ണയവാദമാണെന്ന് കാട്ടിത്തന്നു. ന്യൂട്ടന്റെ ഫിസിക്സില്‍ വിശ്വസിച്ചിരുന്നവര്‍ പ്രപഞ്ചത്തിന്റെ ഭൂതകാലമോ വര്‍ത്തമാനകാലമോ അറിയാവുന്നവര്‍ക്ക് അതിന്റെ ഭാവി പ്രവചിക്കാനാകും എന്ന് കരുതിയിരുന്നു. പക്ഷേ, ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍ വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് അനിശ്ചിതത്വ സിദ്ധാന്തം (പ്രിന്‍സിപ്പ്ള്‍ ഓഫ് അണ്‍സേര്‍ട്ടനിറ്റി) ആവിഷ്‌കരിച്ചപ്പോള്‍, ഒരു കണത്തിന്റെ നിലവിലുള്ള സ്ഥാനവും പ്രവേഗവും അറിയാവുന്നതുകൊണ്ടു മാത്രം അതിന്റെ ഭാവിയിലെ സ്ഥാനവും പ്രവേഗവും പ്രവചിക്കാനാകും എന്ന് ഒരു ഭൗതികശാസ്ത്രജ്ഞനും പറയാന്‍ കഴിയാതായി.
പൂര്‍ണമായ അനിര്‍ണയാവസ്ഥയില്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ജീവിക്കാനാവില്ല. ഷ്റോഡിന്‍ഗര്‍ സമവാക്യം ഭാഗികമായ നിര്‍ണയവാദത്തെ പുനഃസ്ഥാപിച്ചു. പക്ഷേ, കേവലമായ സമയം എ ന്നൊന്നുണ്ട് എന്ന ധാരണയിലാണ് ഷ്റോഡിന്‍ഗര്‍ സമവാക്യം നിലനില്‍ക്കുന്നത്. ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം 'കേവലമായ സമയം' എന്ന സങ്കല്പത്തെ അടിച്ചുടയ്ക്കുന്നു. ഐന്‍സ്റ്റീന്‍ സമയത്തെ 'സ്പേസ് ടൈം' എന്ന പുതിയ പ്രതിഭാസത്തന്റെ ഭാഗമാക്കി. ഐന്‍സ്റ്റീന്റെ അഭിപ്രായത്തില്‍ സ്ഥലരാശിയുടെ മൂന്ന് മാനങ്ങള്‍ക്കൊപ്പമുള്ള നാലാമത്തെ മാനമാണ് സമയം. പിന്നീടദ്ദേഹം സ്പേസ് ടൈം എന്നത് പരന്നതല്ലെന്നും ഗുരുത്വാകര്‍ഷണഫലമായി വര്‍ത്തുളമാകുന്നതാണെന്നും കണ്ടെത്തി. അതിനാല്‍ സ്പേസ് ടൈമിന്റെ എല്ലായിടത്തും സമയം ഒരേപോലെ കണക്കാക്കാനാകില്ല. ഗുരുത്വാകര്‍ഷണ ശക്തിതന്നെയാണ് പ്രശസ്തമായ 'തമോഗര്‍ത്ത'ങ്ങളിലേക്കും നയിക്കുന്നത്.
പ്രഭാഷണത്തിലുടനീളം ഹോക്കിങ് അനിശ്ചിതവാദികള്‍ക്കൊപ്പവും നിര്‍ണയ വാദികള്‍ക്കൊപ്പവും സഞ്ചരിക്കുന്നതു പോലെ തോന്നി. എന്തു തീരുമാനത്തിലെത്തണമെന്ന് അദ്ദേഹത്തിന് നിശ്ചയമില്ല എന്ന് പ്രഭാഷണത്തില്‍ വ്യക്തമായിരുന്നു. കേള്‍വിക്കാര്‍ ഒരേസമയം മതിമറന്നു പോവുകയും അതേപോലെ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു എന്നതില്‍ അത്ഭുതമില്ല.
(2001 ജനുവരി 28 മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)