വാഷിങ്ടണ്‍: വ്യക്തമായ റിപ്പബ്ലിക്കന്‍ ചായ്വ് പ്രകടിപ്പിച്ചിരുന്ന ജോര്‍ജിയ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റായ ജോ ബൈഡനൊപ്പം നിന്നതിന് പിന്നില്‍ സ്റ്റേസി അബ്രാംസാണ്. അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ സ്റ്റേസി അബ്രാംസിന്റെ കൃത്യതയും ബുദ്ധിപരവുമായ ഇടപെടല്‍ ജോര്‍ജിയയിലെ ബൈഡന്റെ വിജയം അനായാസമാക്കി. അമേരിക്കന്‍ ചരിത്രത്തില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത കൂടിയാണ് സ്‌റ്റേസി അബ്രാംസ്. 

ടാക്‌സ് അറ്റോര്‍ണി, നോവലിസ്റ്റ്, അഭിഭാഷക, ഡോക്യുമെന്ററി നിര്‍മാതാവ്, റിസര്‍ച്ച് അസിസ്റ്റന്റ് തുടങ്ങിയ വിവിധ പ്രവര്‍ത്തനമുഖങ്ങള്‍ സ്റ്റേസി അബ്രാംസിനുണ്ട്. കൂടാതെ സ്വന്തമായി ഒരു ബിസിനസ് സംരഭവും  ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന ഒരു കമ്പനിയും സ്റ്റേസി അബ്രാംസ് ആരംഭിച്ചിരുന്നു. 

1992-ലെ തിരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റന്റെ വിജയത്തിന് ശേഷം ജോര്‍ജിയ ഡെമോക്രാറ്റുകള്‍ക്ക് ബാലികേറാമലയായിരുന്നു. 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി സ്റ്റേസ് അബ്രാംസ് മത്സരിച്ചപ്പോഴും ജോര്‍ജിയ കൈവിട്ടു. വെറും 55,000 വോട്ടുകള്‍ക്കാണ് അവര്‍ അന്ന് ബ്രയാന്‍ കെംപിനോട് പരാജയപ്പെട്ടത്. എന്നാല്‍ കറുത്ത വര്‍ഗക്കാരായ യുവവോട്ടര്‍മാര്‍ കൂടുതലുള്ള ജോര്‍ജിയ ആ തിരഞ്ഞെടുപ്പോടെ റിപ്പബ്ലിക്കന്‍ ചായ്വില്‍നിന്ന് വ്യതിചലിക്കാനാരംഭിച്ചതായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചന നല്‍കി. 

ജോര്‍ജിയന്‍ വോട്ടര്‍മാരിലുണ്ടായ ഈ മാറ്റമാണ് സ്‌റ്റേസി അബ്രാംസ് ജോ ബൈഡന് അനുകൂലമായി ഉപയോഗപ്പെടുത്തിയത്. ഇക്കൊല്ലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലെ ഫലത്തില്‍ നിര്‍ണായകമായത് ഈ വനിതയുടെ സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണമാണ്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് നഷ്ടമായ സംസ്ഥാനം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി തിരിച്ചു പിടിച്ച് സ്റ്റേറ്റി അബ്രാംസ് തന്റെ രാഷ്ട്രീയ പാടവം വ്യക്തമാക്കി. 

ഭാവിയിലെ രാഷ്ട്രീയാന്തരീക്ഷവും തിരഞ്ഞെടുപ്പ് സാധ്യതകളും പരിശോധിച്ചാല്‍ തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ 2020-ലെ തിരഞ്ഞെടുപ്പില്‍  ജോര്‍ജിയയെ തങ്ങള്‍ക്കനുകൂലമാക്കാമെന്ന് സ്‌റ്റേസി അബ്രാംസ് അഭിപ്രായപ്പെട്ടിരുന്നു. ജോര്‍ജിയയിലെ രാഷ്ട്രീയ വ്യതിയാനം കൃത്യമായ പ്രവര്‍ത്തനത്തിലൂടെ അമേരിക്കയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാമെന്നുള്ള സ്റ്റേസിയുടെ ദീര്‍ഘവീക്ഷണമാണ് ജോ ബൈഡന് സഹായകമായതെന്ന് ജനങ്ങളും രാഷ്ട്രീയനിരീക്ഷകരും സ്‌റ്റേസി അബ്രാംസിനെ അഭിനന്ദിക്കുകയാണിപ്പോള്‍. 

2018-ലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തിന് മുമ്പ് 2011 മുതല്‍ 2017 വരെ ജോര്‍ജിയ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ന്യൂനപക്ഷ നേതാവായി സ്‌റ്റേസി അബ്രാംസ് സേവനമനുഷ്ഠിച്ചിരുന്നു. അഭിഭാഷക കൂടിയ സ്‌റ്റേസി ക്രിമിനല്‍ നിയമ പരിഷ്‌കാരങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനും തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ക്കും സ്റ്റേസി അബ്രാംസ് തന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. 

ബൈഡന്റെ ഭരണസഭയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം സ്റ്റേസി അബ്രാംസിനെ തേടിയെത്തിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ചുരുക്കപട്ടികയില്‍ സ്റ്റേസി ഇടം നേടിയിരുന്നു. കൂടാതെ 2020-ലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സ്റ്റേസിയ്ക്ക് ബൈഡന്റെ ഭരണത്തില്‍ പങ്കാളിത്തം നല്‍കിയേക്കും. ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തണമെന്നാണ് സ്‌കൂള്‍ കോളേജ് കാലത്ത് മികച്ച വിദ്യാര്‍ഥിയായിരുന്ന സ്‌റ്റേസി അബ്രാംസിന്റെ സ്വപ്നം. 

Content Highlights: Stacey Abrams, the Woman Who Helped Joe Biden To Win Georgia