ലങ്കയിലെ പ്രതിഷേധം. photo: AFP
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കയ്യടക്കിയതോടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി. പ്രശ്ന പരിഹാരത്തിനായി ശനിയാഴ്ച സ്പീക്കര്‍ മഹീന്ദ യപ അഭയ്വര്ധനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം നാല് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടതായി യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗം ദുല്ലാസ് അലഹാപെരുമ ട്വീറ്റ് ചെയ്തു.
ഗോതബായ രാജിവച്ച് സ്പീക്കര്‍ യപ അഭയ്വര്‍ധന താല്കാലിക പ്രസിഡന്റാകണമെന്നാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഒരാഴ്ചയ്ക്കകം പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം. അതേ ആഴ്ചയില്‍തന്നെ എല്ലാ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് ഗോതബായ കൂടി രാജിവയ്ക്കുന്നതോടെ ഇതിനുള്ള മറ്റുനടപടിക്രമങ്ങളിലേക്ക് ലങ്കന്‍ ഭരണകൂടം കടക്കും.
പ്രസിഡന്റ് ഗോതബായ രാജപക്സെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഉടന്‍ രാജിവെയ്ക്കണമെന്ന തീരുമാനമാണ് സര്‍വകക്ഷി യോഗത്തില്‍ ആദ്യമുണ്ടായത്. ഇതിന് പിന്നാലെ യോഗ തീരുമാനം മാനിച്ച് സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തും റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. അതേസമയം, പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി വളഞ്ഞതോടെ കൊട്ടാരംവിട്ട പ്രസിഡന്റ് ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല. സൈനിക കപ്പലില്‍ കടലില്‍ അഭയം പ്രാപിച്ച അദ്ദേഹം ഉടന്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ പ്രക്ഷോഭകര്‍ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
അതേസമയം, പ്രക്ഷോഭകാരികള്‍ കൊളംബോയുടെ തെരുവുകളില്‍ തന്നെ തുടരുകയാണ്. രാജിവെച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മുന്നില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..