പ്രതീകാത്മകചിത്രം | Photo : PTI
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നു. കുറഞ്ഞ അളവ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് നിരക്ക് വര്‍ധനവില്‍ ദുരിതത്തിലാവുന്നത്. 264 ശതമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവേര്‍പ്പെടുത്തുന്നത്. ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന വിഭാഗത്തിന് നേരിടേണ്ടി വരുന്ന വര്‍ധനവ് ഇതിനേക്കാള്‍ കുറവാണ്. ചൊവ്വാഴ്ചയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഒമ്പത് കൊല്ലത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനവിനുള്ള അനുമതി ലഭിച്ചതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) അറിയിച്ചു. 616 ദശലക്ഷം ഡോളറാണ് സിഇബിയുടെ നിലവിലെ സാമ്പത്തിക നഷ്ടം. നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന നിരക്ക് വര്‍ധനവ് ബുധനാഴ്ച മുതല്‍ നിലവില്‍ വരും. 800 ശതമാനം വര്‍ധനവാണ് സിഇബി ആവശ്യപ്പെട്ടതെങ്കിലും 264 ശതമാനം വര്‍ധനവ് മാത്രമാണ് അനുവദിക്കപ്പെട്ടത്.
7.8 ദശലക്ഷം ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ട് ഭാഗം 90 കിലോവാട്ടില്‍ കുറവ് വൈദ്യുതി ഉപയോഗിക്കുന്നവരാണ്. നിരക്ക് വര്‍ധനവ് ഈ വിഭാഗത്തേയാണ് കൂടുതലായി ബാധിക്കുന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 80 ശതമാനത്തോളം മാത്രമാണ് വര്‍ധനവ്. നിലവില്‍ കുറഞ്ഞ അളവ് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2.50 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇത് യൂണിറ്റിന് എട്ട് രൂപയാകും. വലിയ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 45 രൂപയായിരുന്നത് വര്‍ധനവോടെ 75 രൂപയാകും.
Content Highlights: Sri Lanka, Raise Electricity Rates, First In 9 Years, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..