raseena khaderകൊളംബോ:  ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു.  ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍  ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

എന്നാല്‍ ശ്രീലങ്കയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.  ഭര്‍ത്താവിനെ ജോലിസ്ഥലത്തേക്ക് യാത്രയാക്കിയതിന് പിന്നാലെയാണ് റസീന ശ്രീലങ്കയിലെ സ്‌ഫോടനത്തിനിരയായത്. ഭര്‍ത്താവ് ഖാദര്‍ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് ഇവര്‍ താമസിച്ചിരുന്ന ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ മടങ്ങിയെത്തിയതായിരുന്നു റസീന. 

ഭര്‍ത്താവിനൊപ്പം ലങ്ക ചുറ്റിക്കാണുകയും കൊളംബോയിലുള്ള സഹോദരന്‍ ബഷീറിന്റെ കൂടെ രണ്ടുദിവസം തങ്ങുകയുമായിരുന്നു റസീനയുടെ ലക്ഷ്യം. ഒരാഴ്ചകൊണ്ട് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി ഹോട്ടലില്‍ മുറിയെടുത്തു. ഞായറാഴ്ച രാവിലെ ഖാദറിനെ വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ ബഷീറാണ് പോയത്. മടങ്ങിവന്ന് റസീനയെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനായിരുന്നു ബഷീറിന്റെ പരിപാടി. 

കൊളംബോയിലുള്ള ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരോടും ഹോട്ടലിലെത്താനും അവിടുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ബഷീറിനൊപ്പം പോകാമെന്നും പറഞ്ഞിരുന്നു. ഇവരും ബഷീറും എത്താന്‍ വൈകിയതുകൊണ്ട് റസീന റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴായിരുന്നു സ്ഫോടനം. 

Content Highlights: Sri Lanka Seria Blast victim, Rasina Khadar Funeral today in Sri Lanka