കൊളംബോ: അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വാങ്ങാന്‍ ഇന്ത്യയില്‍നിന്ന് 500 മില്യണ്‍ (50 കോടി) അമേരിക്കന്‍ ഡോളര്‍ വായ്പതേടി ശ്രീലങ്ക. ദ്വീപ്‌രാഷ്ട്രം കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനിടെയാണിത്. അടുത്ത ജനുവരിവരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് രാജ്യത്ത് കരുതല്‍ ശേഖരമായി ഉള്ളതെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീലങ്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകള്‍ക്ക് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിപിസി) 3.3 ബില്യണ്‍ (330 കോടി) യോളം രൂപയാണ് കുടിശികയായി നല്‍കാനുള്ളത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് ശ്രീലങ്ക അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് 500 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വായ്പ ഇന്ത്യയില്‍നിന്ന് സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍  (സിപിസി) ചെയര്‍മാന്‍ സുമിത് വിജേസിംഗേ പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞു. ഇന്ത്യ - ശ്രീലങ്ക സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി വായ്പ നേടാനാണ് ശ്രീലങ്കയുടെ ശ്രമം. പെട്രോളും ഡീസലും വാങ്ങാന്‍ മാത്രമാവും ഈ തുക വിനിയോഗിക്കുക.

വായ്പ സംബന്ധിച്ച കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഉടന്‍ ഒപ്പുവെക്കുമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു. പാചക വാതകത്തിന്റെ വില അടക്കം ശ്രീലങ്കയില്‍ അടുത്തിടെ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കുന്നത് ശ്രീലങ്ക തല്‍ക്കാലം വേണ്ടെന്നു വച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് ശ്രീലങ്കയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തില്‍തന്നെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ചിലവഴിക്കേണ്ടിവന്ന തുക മുന്‍വര്‍ഷത്തെക്കാള്‍ 41.5 ശതമാനം വര്‍ധിച്ചിരുന്നു. കോവിഡ് മഹാമാരി വിനോദ സഞ്ചാര മേഖലയെ ബാധിച്ചതുമൂലം ശ്രീലങ്ക കടുത്ത വിദേശനാണ്യ പ്രതിസന്ധിയും നേരിടുകയാണ്.

ടൂറിസം മേഖലയില്‍ നേരിട്ട തിരിച്ചടിമൂലം 2020 ല്‍ ശ്രീലങ്കയുടെ ജിഡിപിയില്‍ 3.6 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. യു.എസ് ഡോളറുമായുള്ള ശ്രീലങ്കന്‍ റുപ്പിയുടെ വിനിമയ നിരക്കില്‍ ഒന്‍പത് ശതമാനം കുറവ് വന്നതോടെ ഇന്ധനം അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു.

Content Highlights: Sri lanka seeks loan from India for fuel purchase - Report