കൊളംബോയിലെ പ്രതിഷേധം | Photo - AFP
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ ദുര്‍ബലമാകുകയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയും ചെയ്യന്നതിനിടെയാണ് തീരുമാനം. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പുറത്തിറക്കിയത്. വാറന്റില്ലാതെ അറസ്റ്റിനും സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിയന്ത്രിക്കാനും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിനും പട്ടാളത്തിനും അനുമതി ഉണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജനപ്രതിനിധികളില്‍ നിന്നടക്കം ഗോതാബയക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി. പിന്നാലെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചിരിക്കുന്നത്.
ഇതിനിടെ, പുതുതായി നിയമിച്ച ധനമന്ത്രി അലി സബ്രി 24 മണിക്കൂറിനകം രാജിവെക്കുകയും 42 എം.പി.മാര്‍ ഭരണമുന്നണി വിടുകയും ചെയ്തതോടെ ശ്രീലങ്കയിലെ ഗോതാബയ സര്‍ക്കാര്‍ ദുര്‍ബലമായിരുന്നു. ഗോതാബയ പ്രസിഡന്റ് പദവി ഒഴിയില്ലെന്നും കേവലഭൂരിപക്ഷം തെളിയിക്കുന്ന ആര്‍ക്കും സര്‍ക്കാരുണ്ടാക്കാമെന്നും ചൊവ്വാഴ്ച പാര്‍ലമെന്റ് ചേരുംമുമ്പ് അദ്ദേഹത്തിന്റെ വിശ്വസ്തനും ടൂറിസം മന്ത്രിയുമായ പ്രസന്ന രണതുംഗ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പാര്‍ലമെന്റില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാവുകയും ആളെണ്ണമൊപ്പിച്ച് സര്‍ക്കാരുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്തമാക്കുകയും ചെയ്തതോടെ ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. പ്രസിഡന്റ് ഗോതാബയയുടെ ശ്രീലങ്ക പൊതുജന പെരുമുനയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 150 സീറ്റാണ് ഉണ്ടായിരുന്നത്. 42 എം.പി.മാര്‍ മുന്നണിവിട്ടതോടെ അംഗങ്ങളുടെ എണ്ണം 108 ആയി ചുരുങ്ങി.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ മിരിഹാനയിലെ വീടിനുമുന്നില്‍ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Content Highlights: Sri Lanka revokes emergency with President Rajapaksa facing calls to quit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..