Photo : Twitter
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റും സ്ഥാനമൊഴിയുന്നതുവരെ ഇരുവരുടേയും വസതികളില്‍ തന്നെ തുടരുമെന്ന് പ്രക്ഷോഭകര്‍. 'പ്രസിഡന്റ് രാജി വെക്കണം, സര്‍ക്കാര്‍ ഒഴിയണം', സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് മാധ്യമങ്ങളോട് വ്യക്തമാക്കി.
ശനിയാഴ്ച അരങ്ങേറിയ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലായ് 13 ന് രാജപക്സെ സ്ഥാനമൊഴിയുമെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ സൂചന നല്കി. വിക്രമസിംഗെയും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടെ രാജപക്സെ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ കിംവദന്തികള്‍ കാറ്റില്‍പറത്തി പാചകവാതകവിതരണം ഉറപ്പുവരുത്താനുള്ള നിര്‍ദേശവുമായി അജ്ഞാത കേന്ദ്രത്തില്‍നിന്ന് രാജപക്സെ വീണ്ടും രംഗത്തെത്തി. പാചകവാതകക്ഷാമം അനുഭവിച്ചിരുന്ന ശ്രീലങ്കയ്ക്ക് 3,700 മെട്രിക് ടണ്‍ പാചകവാതകം ലഭിച്ചതിന് പിന്നാലെയാണിത്.
ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും വസതികളിലേക്ക് ഒഴുകിയെത്തിയത്. പ്രസിഡന്റിന്റെ വസതിയില്‍ പ്രതിഷേധക്കാര്‍ ഇരച്ചുകയറുകയും കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഭവനം അഗ്നിക്കിരയാക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ പ്രക്ഷോഭകരുടെ നിരവധി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ നീന്തല്‍ക്കുളത്തില്‍ നീരാടിയും ഭക്ഷണവസ്തുക്കള്‍ ആര്‍ത്തിയോടെ കഴിക്കുന്നതിന്റേയും കിടപ്പുമുറിയുള്‍പ്പെടെ കയ്യടക്കി വിശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. 'ഞങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ രാജകീയസുഖം അനുഭവിക്കുകയായിരുന്നു. ഞങ്ങളുടെ മക്കളും പേരക്കുട്ടികളും ആ സുഖസൗകര്യങ്ങള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യട്ടെ'- ഒരു ശ്രീലങ്കന്‍ പൗരന് പ്രതികരിച്ചു.
വിക്രമസിംഗെയുടെ സ്വകാര്യവസതി തീയിട്ട മൂന്ന് പേരെ ശ്രീലങ്കന്‍ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ സ്വകാര്യസ്വത്തുവകകള്ക്ക് വന്‍നാശനഷ്ടമാണ് പ്രക്ഷുബ്ധരായ ജനത വരുത്തിയിട്ടുള്ളത്. രാജപക്സയെുടെ വസതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായി പ്രക്ഷോഭകര്‍ പറയുന്നു. നോട്ടുകെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
സാംസ്കാരികനായകര്ക്കൊപ്പം പ്രശസ്ത കായികതാരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. ഞങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയാണിത് എന്ന കുറിപ്പോടെ കുമാര്‍ സംഗക്കാരെ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ശ്രീലങ്കന്‍ ജനതക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക-രാഷ്ട്രീയ സ്ഥിരത രാജ്യത്ത് എത്രയും പെട്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുഎസ് ശ്രീലങ്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്രനാണയനിധി ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..