കൊളംബോ: ശ്രീലങ്കയില്‍ ആഴ്ചകളോളം നീണ്ട ഭരണപ്രതിസന്ധിക്കൊടുവില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. ജനുവരി അഞ്ചിന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് രാജ്യത്ത് പ്രതിസന്ധിക്ക് കാരണമായത്.

നവംബര്‍ 14-ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കേയാണ് തീരുമാനം.

225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ സിരിസേന വെള്ളിയാഴ്ച രാത്രി ഒപ്പിട്ടതായി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം വ്യക്തമാക്കി. പാര്‍ലമെന്റില്‍ രാജപക്‌സെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണിത്.