കൊളംബോ: കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്‌സിനുകള്‍ ഒഴിവാക്കി ആസ്ട്രസെനക വാക്‌സിന്‍ മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്‌സിനേഷന്‍ നടത്താനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
1.35 കോടി ഓക്‌സ്ഫഡ് ആസ്ട്രസെനക വാക്‌സിനുകള്‍ക്ക് ശ്രീലങ്ക ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യ സമ്മാനിച്ച അഞ്ച് ലക്ഷം ഡോസുകള്‍ക്ക് പുറമെയാണിത്. ചൈനീസ് വാക്‌സിനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.
വാക്‌സിനേഷന്റെ ഒന്നാംഘട്ടത്തില്‍ തന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ക്ക് ശ്രീലങ്ക ഓര്‍ഡര്‍ നല്‍കിയിരുന്നു. രണ്ടാംഘട്ടം മുന്‍നിര്‍ത്തി യു.കെയിലെ ആസ്ട്രസെനക ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ടാണ് 35 ലക്ഷം ഡോസുകള്‍കൂടി വാങ്ങാനൊരുങ്ങുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ശ്രീലങ്കയ്ക്ക് കോവിഡ് വാക്‌സിന്റെ അഞ്ചുലക്ഷം ഡോസുകള്‍ ഇന്ത്യ സമ്മാനിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപാക്‌സെ ഇന്ത്യയോട് നന്ദി പറഞ്ഞിരുന്നു.
Content Highlights: Sri Lanka Orders 13.5 Million AstraZeneca Doses, Likely to Drop Chinese Vaccines