കൊളംബോയിൽ പ്രസിഡന്റിന്റെ വസതിക്കു സമീപം പ്രതിഷേധക്കാർ വാഹനം കത്തിച്ചപ്പോൾ | Photo: Ishara S. KODIKARA / AFP
കൊളമ്പോ: പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനേത്തുടര്ന്ന് കൊളംബോ നഗരത്തിന്റെ വിവിധ മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കൊളംബോ നഗരത്തിലെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. രാത്രി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ജനക്കൂട്ടം 'ഗോ ഹോം ഗോട്ട' ( ഗോതാബയ സ്ഥാനമൊഴിഞ്ഞ് വീട്ടില്‍ പോകുക) മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്.
സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി എത്തിയ പ്രതിഷേധക്കാര്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്സെ സര്‍ക്കാര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൊളമ്പോ നഗരത്തിലെ നാല് പോലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് അമല്‍ എദിരിമാന് പറഞ്ഞു.

പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ വ്യാഴാഴ്ച ഡീസല്‍ വിതരണം നിലച്ചിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഡീസലിനായി വരിനില്ക്കേണ്ടെന്നും തീരാന്‍ ഇടയുണ്ടെന്നും സിലോണ്‍ പെട്രോളിയം കോര്പ്പറേഷന് (സിപെറ്റ്കോ) മുന്നറിയിപ്പു നല്‍കിയിരുന്നു. ഡോളറില്‍ പണം നല്കാനില്ലാത്തതിനാല് ഡീസലുമായി എത്തിയ കപ്പല്‍ ചരക്കിറക്കാതെ തുറമുഖത്തു കിടക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു.
ഡീസലില്ലായ്മയും വ്യാഴാഴ്ച തുടങ്ങിയ 13 മണിക്കൂര്‍ പവര്‍കട്ടും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാടുകള്‍ രണ്ടുമണിക്കൂറില്‍ താഴെയാക്കി. അത്യാവശ്യമില്ലാത്ത ജീവനക്കാര്‍ എത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പല ഓഫീസുകളും നിര്‍ദേശിച്ചു. ഇതിനിടെ പാചകവാതകവിലയും കൂടാനിടയുണ്ടെന്നാണ് വാര്‍ത്തകള്‍. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലകൂട്ടാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലിട്രോ ഗ്യാസിന്റെ ചെയര്മാന് തെഷാര ജയസിങ്കെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Sri Lanka imposes curfew after protests over economic crisis turn violent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..