ശ്രീലങ്കയിലെ പമ്പിന് മുന്നിലെ നീണ്ട നിര (ഫയൽ ചിത്രം) | Photo : ANI
കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കന്‍ ജനത ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനായി വാഹന ഉടമകള്‍ക്ക് അധികൃതര്‍ തിങ്കളാഴ്ച ടോക്കണ്‍ അനുവദിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ ഒഴിയാത്ത നീണ്ട നിരയാണ്.
വിദേശനാണ്യ കരുതല്‍ നിക്ഷേപം ഏറ്റവും താണനിലയിലായതും സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടേയും ഇന്ധനത്തിന്റേയും ഇറക്കുമതിയെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ നാല് ദിവസമായി ഇന്ധനത്തിനായി പമ്പിന്റെ മുന്നില്‍ കാത്തിരിക്കുകയാണെന്ന് അറുപത്തിയേഴുകാരനായ ഓട്ടോഡ്രൈവര്‍ ഡബ്ല്യു. ഡി. ഷെല്‍ഡണ്‍ പറഞ്ഞു. ഓട്ടോ ഓടിക്കാനോ വരുമാനമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ടോക്കണ്‍ ലഭിച്ചതോടെയാണ് പെട്രോളിന് വേണ്ടിയുള്ള ക്യൂവില്‍ ഇടംപിടിക്കാന്‍ ഷെല്‍ഡണ്‍ സാധിച്ചത്. ഇന്ധനം എത്തിച്ചേരുന്ന മുറയ്ക്ക് ടോക്കണ്‍ നല്‍കിയവര്‍ക്ക് പെട്രോള്‍ വിതരണം ചെയ്യും.
9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളും നിലവില്‍ സംഭരണത്തിലുണ്ടെന്നും ഊര്‍ജ്ജമന്ത്രി കാഞ്ചന വിജെശേകെര ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധനഇറക്കുമതിയെ കുറിച്ച് ഇതുവരെ സൂചനകളില്ല. ഇതിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീട്ടില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൊളംബോയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ്. പമ്പുകള്‍ക്ക് മുന്നിലെ നിരകള്‍ ദിനംപ്രതി നീളുകയാണ്. പൊതുഗതാഗതം, വൈദ്യുതി ഉത്പാദനം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്ധനവിതരണത്തില്‍ പ്രാഥമിക പരിഗണന നല്കുന്നതിനാല് മറ്റുമേഖലകള്‍ കടുത്ത ഇന്ധനക്ഷാമം അനുഭവിക്കുകയാണ്. തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇന്ധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
അന്താരാഷ്ട്ര നാണയനിധിയുടെ ഒരു സംഘം അടുത്ത ദിവസങ്ങളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും. കടുത്ത പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ശ്രീലങ്കയ്ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കുന്ന കാര്യം അധികൃതരുമായി ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനുമാണ് സംഘം എത്തുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഉദ്യോഗസ്ഥതലത്തിലുള്ള അനുമതി തേടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..