മോസ്‌കോ: കോവിഡിന്റെ കൂടുതല്‍ അപകടകാരിയായ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ സ്പുട്‌നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട് ഉടന്‍ ലഭ്യമാകും. മറ്റ് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ഈ ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് സ്പുട്‌നിക് വിയുടെ നിര്‍മാതാക്കളായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍.ഡി.ഐ.എഫ്.) അറിയിച്ചു. 

അതേസമയം ഈ ബൂസ്റ്റര്‍ ഷോട്ടുകള്‍ ഏത് നിര്‍മാതാക്കള്‍ വാങ്ങുമെന്നതിനെ കുറിച്ചോ ഡെല്‍റ്റ വകഭേദത്തിന് ഇത് എത്രമാത്രം ഫലപ്രദമാകുമെന്നതിനെ കുറിച്ചുള്ളതോ ആയ വിശദാംശങ്ങള്‍ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടില്ല.

ആര്‍.ഡി.ഐ.എഫിന്റെ പിന്തുണയോടെ ഗമേലിയ നാഷണല്‍ സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയാണ് സ്പുട്‌നിക് വി വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ സ്പുട്‌നിക് വിയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 

ആദ്യമായി ഇന്ത്യയില്‍ കണെത്തിയ ഡെല്‍റ്റ വകഭേദം അഥവാ ബി.1.617.2 ലോകത്തിന് വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വര്‍ധനയ്ക്കും മരണത്തിനും ഇത് കാരണമാകുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രതയ്ക്കു കാരണം ഡല്‍റ്റ വകഭേദമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 

ഡെല്‍റ്റ വകഭേദത്തിനെതിരെ മറ്റ് നിര്‍മാതാക്കള്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള സ്പുട്‌നിക്കിന്റെ തീരുമാനം അത്രയ്ക്ക് ആശ്ചര്യജനകമായ ഒന്നല്ല. ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ കോക്ടെയിലുകള്‍ക്കു വേണ്ടി ദീര്‍ഘകാലമായി വാദിക്കുന്നവരാണ് സ്പുട്‌നിക് വിയുടെ നിര്‍മാതാക്കള്‍. 

contenyt highlights: sputnik v to offer booster shot to other vaccine makers for delta variant of covid 19