സിഡ്നി: മാരകവേദനകളിൽനിന്ന് ആശ്വാസം നൽകാൻ ചിലന്തി വിഷത്തിന് സാധിക്കുമെന്ന് ഗവേഷകർ. നിലവിൽ ഗുരുതരമായി പരിക്കേറ്റ് വേദന സഹിക്കാൻ സാധിക്കാത്തവർക്കായി ഒപിയത്തിൽനിന്ന് വേർതിരിക്കുന്ന മയക്കുമരുന്നാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ചൈനീസ് ബേർഡ് സൈ്പഡറിൽ നിന്നുള്ള വിഷം അതീവവേദന അനുഭവിക്കുന്നവർക്ക് നൽകാമെന്ന് കണ്ടെത്തിയിരിക്കുന്നത് ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. ഇവരുടെ ഗവേഷണ റിപ്പോർട്ട് ജേർണൽ ഓഫ് ബയോളജിക്കൽ കെമിസ്ട്രി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഒപിയം മരുന്നായ മോർഫിനാണ് സാധാരണയായി വേദനസംഹാരിയായി ഉപോഗിക്കുന്നത്. എന്നാൽ ഈ മരുന്നിന് പിന്നീട് ഉപയോഗിക്കുന്ന ആൾ അടിമയായി പോകുമെന്നതാണ് അതിന്റെ ദൂഷ്യഫലം. എന്നാൽ ചിലന്തിയുടെ വിഷത്തിലെ പ്രോട്ടീൻ ഘടകത്തിന് വേദനയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും മോർഫിൻ പോലെ അഡിക്ഷൻ ഇതുപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു.

ഹുവെന്റോക്സിൻ -4 എന്ന പ്രോട്ടീനാണ് വേദനസംഹാരിയായി പ്രവർത്തിക്കുന്നത്. ശരീരത്തില്‍ വേദന ഉളവാക്കുന്ന ഘടകങ്ങളെ ഈ പ്രോട്ടീൻ തടസ്സപ്പെടുത്തുന്നതിനാൽ രോഗിക്ക് വേദന അനുഭവപ്പെടില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

മരുന്നിനോട് ആസക്തിയുണ്ടാക്കാത്തതും മറ്റ് ദൂഷ്യഫലങ്ങൾ ഉണ്ടാക്കാത്തതുമായ മികച്ച വേദനാ സംഹാരികൾ വികസിപ്പിക്കുന്നതിന് തങ്ങളുടെ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Content Highlights:Spider venom can be used as alternative to opioid painkillers