യുട്രിച്ച് (നെതര്‍ലണ്ട്): ഡച്ച് വന്ധ്യതാ ചികിത്‌സാകേന്ദ്രത്തില്‍ 26 സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിപ്പിച്ചത് തെറ്റായ ബീജവുമായി ചേര്‍ത്തെന്ന് ചികിത്സാകേന്ദ്രത്തിന്റെ കുറ്റസമ്മതം. ഇതില്‍ ഭൂരിഭാഗം സ്ത്രീകളും ഇതിനോടകം തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. നെതര്‍ലണ്ടില്‍ യുട്രിച്ച് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് സംഭവം.

2015 ഏപ്രിലിനും 2016 നവംബറിനും ഇടയ്ക്ക് ഐ വി എഫ് സെന്ററിലെ നടപടിക്രമങ്ങളില്‍ പാകപ്പിഴവുണ്ടായെന്നാണ് ചികിത്സാ കേന്ദ്രം പറയുന്നത്. ഐ വി എഫ് ലാബില്‍ വെച്ച് കൃത്രിമ അണ്ഡ ബീജ സങ്കലനം നടത്തുമ്പോള്‍ അച്ഛന്‍മാരുടെ ബീജങ്ങള്‍ തമ്മില്‍ മാറിപ്പോയിട്ടുണ്ടാകുമെന്നാണ് ചികിത്സാ കേന്ദ്രം പറയുന്നത്. അത്തരത്തില്‍ സംഭവിക്കാനുള്ള സാധ്യത തുലോം കുറവാണെങ്കിലും ഒരിക്കലും സംഭവിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രം പറയുന്നു.

ചികിത്സയ്ക്ക വിധേയരായ പകുതിയിലധികം സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയോ ഗര്‍ഭം ധരിക്കുകയോ ചെയ്തിട്ടുണ്ട്. ചിലരുടെ ഭ്രൂണം മാത്രമാണ് സെന്ററില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ സൂക്ഷിച്ചു വെച്ചവയിലും ബീജം മാറിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബീജം അണ്ഡവുമായി സങ്കലനം നടത്തുമ്പോൾ ഉപയോഗിച്ച ഉപകരണത്തിൽ മുമ്പ് സംയോജനം നടത്തിയ ആളുടെ ബീജങ്ങൾ അടങ്ങിയിരിക്കുമെന്നും അവ മറ്റ് 26 സ്ത്രീകളുടെ അണ്ഡവുമായി കലർന്ന് പോകാനിടയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം

മനുഷ്യ സഹജമായ പിഴവ് മാത്രമെന്ന് കേന്ദ്രം ന്യായീകരിക്കുന്നുണ്ടെങ്കിലും 26 ദമ്പതിമാർ അവർക്ക് ജനിക്കാനിരിക്കുന്നതും ജനിച്ചതുമായ കുഞ്ഞുങ്ങൾ , കുടുംബങ്ങൾ എന്നിവരെല്ലാം തീർത്തും അരക്ഷിതമായ അവസ്ഥയിലാണ്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ അണ്ഡത്തെ അണ്ഡാശയത്തില്‍ നിന്നെടുത്ത് ഭര്‍ത്താവിന്റെ ബീജവുമായി കൃത്രിമമായി ലബോറട്ടറിയില്‍ വെച്ച് സംയോജിപ്പിച്ച് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ഐ വി എഫ് ചികിത്സയില്‍ ചെയ്തുവരുന്നത്. അപൂര്‍വ്വമായി മാറിപ്പാകുന്ന വാര്‍ത്തകള്‍ പുറത്തുവരാണ്ടെങ്കിലും ഇത്രയേറെ സത്രീകളുടെ വയറ്റില്‍ വളരുന്ന കുഞ്ഞുങ്ങളുടെ പിതൃത്വത്തില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ചികിത്സാപ്പിഴവ് ലോകത്ത് തന്നെ അപൂര്‍വ്വമാണ്.