വാഷിങ്ടണ്‍: സ്‌പെയ്‌സ് എക്‌സിന്റെ രണ്ടാമത്തെ ബഹിരാകാശയാനവും ഭ്രമണപഥത്തില്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സാമഗ്രികളുമായി ഡ്രാഗണ്‍-2 ക്യാപ്‌സ്യൂള്‍(Dragon-2 capsule)ഞായറാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഇതോടെ ഒരേ സമയം രണ്ട് ബഹിരാകാശയാനങ്ങള്‍ ബഹിരാകാശത്ത് തുടരുന്ന ആദ്യത്തെ ബഹിരാകാശകമ്പനിയായി മാറിയിരിക്കുകയാണ് സ്‌പെയ്‌സ് എക്‌സ്(SpaceX). 

ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശികസമയം പകല്‍ 11.17 ന് 65 മീറ്റര്‍ ഉയരമുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ക്യാപ്‌സ്യൂള്‍ വിക്ഷേപണം. ഡ്രാഗണ്‍-2 ല്‍ 2,900 കിലോഗ്രാം സാമഗ്രികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ബഹിരാകാശ നിലയത്തിലെ യാത്രികര്‍ക്കുള്ള ക്രിസ്മസ് സമ്മാനം, ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന യാത്രികരുടെ ദ്രുതരക്തപരിശോധനയ്ക്ക് സഹായകമായ നൂതന ഉപകരണം, കോടിക്കണക്കിന് സൂക്ഷ്മാണുക്കള്‍, ബയോമൈനിങ് പഠനങ്ങള്‍ക്കായി ഛിന്നഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ എന്നിവ ഡ്രാഗണ്‍-2 ലുണ്ട്. 

ദീര്‍ഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വരുന്ന ശാസ്ത്രജ്ഞര്‍ക്ക് അനുഭവപ്പെടുന്ന കണ്ണ്, അസ്ഥി എന്നിവയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ 40 ചുണ്ടെലികളേയും അയച്ചിട്ടുണ്ട്. ക്രിസ്മസ് വിരുന്നായി കാന്‍ബറി സോസും ഐസിങ് ട്യൂബുകളും ടര്‍ക്കിയും ബഹിരാകാശനിലയത്തിലേക്കുള്ള ചരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബഹിരാകാശനിലയത്തിലേക്കുള്ള ചരക്കുമായി സ്‌പെയ്‌സ് എക്‌സിന്റെ 21 മത്തെ ദൗത്യമാണിത്. പുതിയ തലമുറ ഡ്രാഗണ്‍ ക്യാപ്‌സ്യൂളുകള്‍ ഉപയോഗപ്പെടുത്തിയുള്ള ആദ്യത്തേതും. സ്പയ്‌സ് എക്‌സിന്റെ മുന്‍ ബഹിരാകാശയാനങ്ങളെക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിവുള്ളവയാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളുകള്‍. അഞ്ച് തവണ പുനരുപയോഗിക്കാവുന്ന ഇവയ്ക്ക് 75 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങാനാകുമെന്ന് സ്‌പെയ്‌സ് എക്‌സ് വ്യക്തമാക്കി. 

26 മണിക്കൂര്‍ നീളുന്ന യാത്രക്കൊടുവില്‍ എത്തിച്ചേരുന്ന ക്യാപ്‌സ്യൂളിന് ബഹിരാകാശ നിലയത്തില്‍ സ്വമേധയാ പ്രവേശിക്കാന്‍ സാധിക്കും. നേരത്തെയുള്ള ക്യാപ്‌സ്യൂളുകളെ യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കേണ്ടത് ആവശ്യമായിരുന്നു. ഡ്രാഗണ്‍-2 ഒരു മാസത്തോളം ബഹിരാകാശത്ത് തങ്ങിയ ശേഷം ബഹിരാകാശനിലയത്തില്‍ പ്രവേശിച്ച ഭാഗമുപയോഗിച്ച് സ്വയം വേര്‍പ്പെടുത്തുകയും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്യും. 

ബഹിരാകാശനിലയത്തിലേക്ക് സാമഗ്രകളെത്തിക്കാനായി നാസ സ്‌പെയ്‌സ് എക്‌സുമായി ആറ് യാനങ്ങളുടെ കരാര്‍ ഒപ്പിട്ടിരുന്നു. നൂതന ഡ്രാഗണ്‍ ക്യാപ്‌സ്യൂളുകളിപയോഗിച്ചുള്ള ഒമ്പത് ദൗത്യങ്ങളായി അത് ഉയര്‍ത്തിയിട്ടുണ്ട്.

 

Content Highlights: SpaceX sends new Dragon spacecraft with Christmas treats mice to ISS