വാഷിങ്ടണ്‍: ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍കണ്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വേളയില്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ടെക്‌സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണത്. 

വിക്ഷേപണ തറയില്‍ നിന്ന് എട്ട് മൈല്‍ ഉയരത്തില്‍ പറന്ന റോക്കറ്റ് ആസൂത്രണം ചെയ്തതുപോലെ തിരിച്ചിറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്പേസ് എക്സ് പ്രതികരിച്ചത്. ലാന്‍ഡിങ് വേഗത കൂടിയതാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിശദീകരണം. 

'ചൊവ്വ, ഇതാ ഞങ്ങള്‍ വരുന്നു'വെന്ന് വിക്ഷേപണത്തിന് ശേഷം സ്പേസ് എക്സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. വിക്ഷേപണം, ഫ്‌ളൈറ്റിന്റെ സ്ഥാനമാറ്റം, അതിന്റെ കൃത്യമായ ലാന്‍ഡിങ് പാത (സ്‌ഫോടനത്തിനു മുമ്പുള്ള) എന്നിങ്ങനെ യാത്രയുടെ വിജയകരമായ ഭാഗങ്ങള്‍ എലോണ്‍ മസ്‌ക് വിവരിച്ചു. 'ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങള്‍ സ്‌പേസ് എക്‌സ് ടീം', അദ്ദേഹം ട്വീറ്റ് ചെയ്തു.

മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണിത്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

 

Content Highlights: SpaceX's Starship Prototype Blasts Off, Crashes In Fireball On Landing