വാഷിങ്ടണ്‍: നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍)ത്തില്‍ എത്തിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ  ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ ദൗത്യമായി ഇത് മാറി. നേരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമാണ് വിക്ഷേപണം നടന്നത്.

ഞായറാഴ്ച രാത്രി കെന്നഡി സ്‌പേസ് സ്റ്റേഷനില്‍നിന്നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കൺ റോക്കറ്റ്, ശാസ്ത്രജ്ഞരേയും വഹിക്കുന്ന ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്. മൈക്ക് ഹോപ്കിന്‍സ്, ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ എന്നീ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്.

നേരത്തെ രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ സ്‌പേസ് എക്‌സ് നിര്‍വഹിച്ചിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലന്‍ മസ്‌ക് വിക്ഷേപണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണൈന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡ്‌സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റും നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ മൈക്ക് പെന്‍സ് വിക്ഷേപണം നേരിട്ടു കാണാന്‍ എത്തിയിരുന്നു.

content highlights: spacex launches four astronauts into space