കാലിഫോര്‍ണിയ: സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ചു. വിക്ഷേപണത്തിന്റെ അവസാന സമയത്താണ് വിക്ഷേപണം മാറ്റിവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിന്റെ ദൗത്യം നിശ്ചയിച്ചിരുന്നത്. 

ബഹിരാകാശ നിലയത്തിലേക്കുള്ള അംഗങ്ങള്‍ പേടകത്തിനുള്ളില്‍ ഇരിക്കുകയും റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് 20 മിനിറ്റിന് മുമ്പ് ദൗത്യം മാറ്റിവെക്കുകയായിരുന്നു. മിന്നല്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമെന്ന് സ്‌പേസ് എക്‌സ് കമ്പനിയുടെ വിക്ഷേപണ കാര്യങ്ങളുടെ ഡയറക്ടറായ മൈക് ടെയ്‌ലര്‍ പറയുന്നു. 

നാസയിലെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെങ്കന്‍, ഡൗഗ് ഹര്‍ലി എന്നിവരാണ് സ്‌പേസ് എക്‌സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അത് ചെയ്യുന്ന ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌പേസ് എക്‌സ് മാറുമായിരുന്നു. 

ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ നീല്‍ ആസ്‌ട്രോങ്ങ് ഉള്‍പ്പെടുന്ന ബഹിരാകാശ സഞ്ചാരികൾ പോയ പേടകങ്ങൾ വിക്ഷേപിച്ച കെന്നഡി സ്‌പേസ് സെന്ററിലെ 39 എ എന്ന വിക്ഷേപണത്തറയാണ് സ്‌പേസ് എക്‌സിന്റെ സുപ്രധാന ദൗത്യത്തിനുവേണ്ടി ഓരുക്കിയത്. ഫാല്‍ക്കണ്‍ 9 എന്ന ശക്തിയേറിയ റോക്കറ്റാണ് സ്‌പേസ് എക്‌സ് ഇതിനായി സജ്ജമാക്കിയത്.

ചിത്രപരമായ മുഹൂര്‍ത്തം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും എത്തിയിരുന്നു. 

2002ലാണ് സ്‌പേസ് എക്‌സ് എന്ന ബഹിരാകാശ കമ്പനി എലോണ്‍ മസ്‌ക് എന്ന കോടീശ്വരന്‍ ആരംഭിക്കുന്നത്. സ്ഥാപിതമായി രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിന് മുമ്പുതന്നെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ പ്രാപ്തിയുള്ള ലോകത്തിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇത് മാറുകയും ചെയ്തു. ഈ മേഖലയില്‍ നിക്ഷേപമിറക്കിയിട്ടുള്ള മറ്റ് വമ്പന്മാരെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് എലോണ്‍ മസ്‌ക്.

സ്വന്തമായി റോക്കറ്റുകളും മറ്റും നിര്‍മിക്കുന്ന ചിലവും മറ്റും കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞ ചിലവില്‍ സാധാരണ ഗതിയിലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സ്വകാര്യ കമ്പനികളെ ഉപയോഗിക്കാമെന്നതാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വിലയിരുത്തല്‍.

Content highlights: SpaceX Crewed Mission Postponed Due To Bad Weather Just Before Launch