കലിഫോര്‍ണിയ: കരടിയുടെ ആക്രമണത്തില്‍ നിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച പതിനേഴുകാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. കരടിയുമായി ഏറ്റുമുട്ടിയ വളര്‍ത്തു നായകളെ രക്ഷിച്ച ഹെയ്ലിയുടെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഹെയ്ലി മോര്‍നിക്കോ എന്ന പെണ്‍കുട്ടിയാണ് കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ടത്. തെക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ വാലിയിലാണ് സംഭവം.

വീടിന്റെ പിന്നിലുള്ള മതിലില്‍ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളര്‍ത്തുനായകള്‍. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലൂടെ എത്തിയത്. ഇവയെ കണ്ടുകൊണ്ടാണ് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് എത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങള്‍ പിന്തിരിഞ്ഞ് ഓടിയെങ്കിലും അമ്മക്കരടി മതിലിന് മുകളില്‍ നിന്നുകൊണ്ട് വളര്‍ത്തു നായകളെ ആക്രമിക്കാന്‍ ഒരുങ്ങി.

ഹെയ്ലിയും അമ്മയും പൂന്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു വളര്‍ത്തു നായകള്‍ കുരച്ചുകൊണ്ട് പിന്നിലേക്ക് ഓടിയത്. അവിടേക്കെത്തിയ ഹെയ്ലി കണ്ടത് കൂട്ടത്തില്‍ ചെറിയ നായ്ക്കുട്ടിക്കെതിരേ ചീറ്റുന്ന കരടിയെയാണ്. ഓടിയെത്തിയ ഹെയ്ലി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലില്‍ നിന്നും തള്ളി താഴേക്കിട്ടു. കരടി പിന്നിലേക്ക് വീണതോടെ ഹെയ്ലി നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.

Content Highlights: Southern California teen shoves bear off wall to protect dogs in backyard