സോള്‍: സ്വന്തം മരണത്തെക്കുറിച്ച് സങ്കല്‍പിച്ചു നോക്കാത്തവര്‍ അപൂര്‍വമായിരിക്കും. മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് 'അനുഭവിച്ചറിയാനുള്ള' സൗകര്യം ഇപ്പോള്‍ ദക്ഷിണ കൊറിയയിലുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ് ഹ്യോവോണ്‍ ഹീലിങ് സെന്റര്‍ എന്ന കമ്പനി.

കമ്പനി ഒരുക്കുന്ന 'ലിവിങ് ഫ്യുണറലി'ല്‍ പങ്കെടുത്താല്‍ മരണശേഷം നമുക്കു ചുറ്റും നടക്കുന്നതൊക്കെ അനുഭവിച്ചറിയാം. യഥാര്‍ഥ സംസ്‌കാര ചടങ്ങുകള്‍ പോലെതന്നെയാണ് ഇത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച് പത്ത് മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ കിടക്കണം. പുറത്ത് മരണാനന്തരച്ചടങ്ങുകള്‍ നടക്കും. മരണവും ശവസംസ്കാരച്ചടങ്ങുകളും അഭിനയിക്കുകയും മരണം താല്‍കാലികമായി അനുഭവിക്കുകയുമാണ് പരിപാടി. 

കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു. സ്വന്തം മരണാനുഭവത്തിലൂടെ കടന്നുപോകുന്നതിലൂടെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിതം തുടരാനാകുമെന്നാണ് കമ്പനി പറയുന്നത്. ശവപ്പെട്ടിയില്‍ കിടക്കുന്ന സമയംകൊണ്ട് മാനസികമായ വലിയ പരിവര്‍ത്തനം സംഭവിക്കുന്നതായും പുതിയ തിരിച്ചറിവുകള്‍ നേടുന്നതായുമാണ് ഇതില്‍ പങ്കെടുത്തവരുടെ അഭിപ്രായം. 

south korea

ഒരിക്കലെങ്കിലും നാം മരണത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും ആ അനുഭവത്തിലൂടെ കടന്നുപോകുകയും ചെയ്താല്‍ ജീവിതത്തെക്കുറിച്ച് പുതിയൊരു സമീപനം നമുക്ക് ലഭിക്കും, സ്വന്തം മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത 75കാരിയായ ചോ ജീ-ഹീ പറയുന്നു. ജീവിതത്തില്‍ ഇക്കാലമത്രയും മറ്റുള്ളവരെ എതിരാളികളായി മാത്രമാണ് താന്‍ കണ്ടിരുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ശവപ്പെട്ടിയിലെ പത്തു മിനിറ്റ് തന്നെ സഹായിച്ചതായി വിദ്യാര്‍ഥിയായ ചോയ് ജിന്‍ ക്യു പറയുന്നു.

2012ല്‍ ആണ് കമ്പനി ജീവനോടെയുള്ള സംസ്‌കാരച്ചടങ്ങ് ആരംഭിച്ചത്. ഇതുവരെ 25,000 പേരാണ് ഇതില്‍ പങ്കെടുത്തതെന്ന് കമ്പനി പറയുന്നു. സ്വന്തം ജീവിതത്തെ വിലമതിക്കാനും മറ്റുള്ളവരോട് ക്ഷമിക്കാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള പിണക്കവും അകല്‍ച്ചയും ഇല്ലാതാക്കാനുമെല്ലാം ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി ഉടമയായ ജിയോങ് യോങ്-മന്‍ അവകാശപ്പെടുന്നു.

south korea

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മറിച്ചു ചിന്തിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും സ്വന്തം ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നത് സഹായിക്കാറുണ്ടെന്നും ജിയോങ് പറയുന്നു. ജീവിതമാണോ മരണമാണോ തിരഞ്ഞെടുക്കേണ്ടതെന്ന് സ്വയം ചോദിക്കാന്‍ അവര്‍ക്ക് പുതിയൊരു അവസരമാണ് ലഭിക്കുന്നത്. ജീവിതം തിരഞ്ഞെടുക്കാന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതോടെ അവര്‍ തീരുമാനിക്കും- അദ്ദേഹം പറയുന്നു.

Content Highlights: South Koreans Lie Inside Closed Coffins For 10 Minutes To Simulate Death