സോൾ: ദക്ഷിണ കൊറിയൻ നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൂൺ ജെ ഇൻ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് വൻ വിജയം. ആകെയുള്ള 300 സീറ്റുകളിൽ 180 സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ പ്ളാറ്റ്ഫോം പാർട്ടിയും നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് തനിയെ 163 സീറ്റുകൾ ലഭിച്ചു.

കൊറോണ വൈറസ് വ്യാപനം പിടിച്ചുകെട്ടിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കൊറോണ വ്യാപനം തടയാനായെങ്കിലും സാമ്പത്തിക മാന്ദ്യം കൊറിയിയിൽ പിടിമുറുക്കി തുടങ്ങിയിട്ടുണ്ട്. ഇതിനെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പാർലമെന്റിലെ മേൽക്കൈ മൂൺ ജെ ഇന്നിനെ സഹായിക്കും. നാലുവർഷമാണ് ദക്ഷിണ കൊറിയൻ നാഷണൽ അസംബ്ലിയുടെ കാലാവധി.

മുഖ്യ പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും സഖ്യകക്ഷിയായ ഫ്യൂച്ചർ കൊറിയൻ പാർട്ടിക്കും ഒരുമിച്ച് 103 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

1987 ൽ ദക്ഷിണ കൊറിയ പ്രസിഡൻഷ്യൽ രീതിയിലുള്ള ജനാധിപത്യ ക്രമത്തിലേക്ക് മാറിയതിന് ശേഷം ഇതാദ്യമായാണ് ഒരു പാർട്ടിക്ക് ഇത്രയധികം സീറ്റുകൾ ലഭിക്കുന്നത്.

300 സീറ്റുകളിൽ 253 എണ്ണത്തിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ 163 സീറ്റ് ഡെമോക്രാറ്റിക് പാർട്ടി നേടി. പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടി 84 സീറ്റുകളും നേടി. ബാക്കിയുള്ള 47 സീറ്റുകൾ പാർട്ടികൾ ആകെ നേടിയ വോട്ടുകൾക്ക് അടിസ്ഥാനമാക്കി ലഭിക്കുന്നതാണ്.

Content Highlights:S.Korean ruling party wins landslide majority in general elections